തൃക്കരിപ്പൂര്‍: എസ്റ്റിമേറ്റിലെ അപാകത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിവെച്ച കണ്ണകൈ പാലത്തിന്റെ പണി പുനരാരംഭിച്ചില്ല. എസ്റ്റിമേറ്റില്‍ പാലത്തിനാവശ്യമായ കമ്പി ഉള്‍പ്പെടുത്താത്തതിനെത്തുടര്‍ന്നാണ് കരാറുകാരന്‍ പണി നിര്‍ത്തിയത്.

കഴിഞ്ഞമാസം കളക്ടറേറ്റില്‍ കളക്ടര്‍ കെ.ജീവന്‍ബാബുവിന്റെ ചേംബറില്‍ ചേര്‍ന്ന പ്രഭാകരന്‍ കമ്മിഷന്‍ റിവ്യൂ യോഗത്തില്‍ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കണ്ണകൈ പാലം നിര്‍മിക്കാനാവശ്യമായ ഫണ്ട് നീക്കിവെച്ചിരുന്നു.

ഒരുവര്‍ഷത്തിലേറെയായി കരാറുകാരന്‍ പണിനിര്‍ത്തിവെച്ചതിനാല്‍ ഇതുവഴി ഒഴുകുന്ന കൊവ്വപ്പുഴ മണ്ണിട്ട് നികത്തിയനിലയിലാണ്. താത്കാലികമായൊരുക്കിയ പാതയിലൂടെയാണ് ഇപ്പോള്‍ ബസ്സുകളടക്കമുള്ള വാഹനങ്ങള്‍ കടന്നുപോവുന്നത്.

പാലത്തിന്റെ പൈലിങ്ങിന് ആവശ്യമായ കമ്പി സാങ്കേതികാനുമതി നല്‍കുമ്പോള്‍ വിട്ടുപോയതാണ് പണി നിര്‍ത്തിവെക്കാനുണ്ടായ സാഹചര്യമുണ്ടായത്.

എസ്റ്റിമേറ്റില്‍ മാറ്റംവരുത്തി തുക അനുവദിക്കുമെന്ന ജനപ്രതിനിധികളുടെ ഉറപ്പിനെത്തുടര്‍ന്നാണ് ആദ്യഘട്ടത്തില്‍ പാലംപണി തുടങ്ങിയത്. രണ്ട് പില്ലറുകളൂടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു.

എന്നാല്‍ എസ്റ്റിമേറ്റ് പുതുക്കുന്നതിന് കാലതാമസം വന്നതിനെത്തുടര്‍ന്ന് പണി പൂര്‍ണമായും നിലച്ചു. 3.60 കോടി െചലവില്‍ പണിയാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയ പാലത്തിനുള്ള ഭരണാനുമതിയില്‍ കമ്പിയുണ്ടായിരുന്നു.

എന്നാല്‍ സാങ്കേതിക അനുമതി ലഭിച്ചപ്പോള്‍ കമ്പി കണാതായി. ഇതുമൂലം എസ്റ്റിമേറ്റ് സംഖ്യ 2.90 കോടിയായി ചുരുങ്ങി.