റുവത്തൂര്‍: കുട്ടികളുടെ ഒറ്റക്കോലത്തിലൂടെ പ്രസിദ്ധമായ അച്ചാംതുരുത്തിയില്‍ ആവേശത്തുഴയെറിഞ്ഞ് കുട്ടികളുടെ വള്ളംകളി മത്സരം. വര്‍ഷങ്ങള്‍ക്കപ്പുറത്ത് ശിവരാത്രി നാളില്‍ ഉറക്കമൊഴിച്ച് കളിക്കാനായിരുന്നു കുട്ടികള്‍ ഒറ്റക്കോലമാടിയത്. അത് വലിയ ആഘോഷമായി ഇന്നും തുടരുന്നു. ദീപാവലി ദിനത്തിലാണ് അച്ചാംതുരുത്തിയില്‍ കുട്ടികളുടെ വള്ളംകളി സംഘടിപ്പിച്ചത്. 1958-ല്‍ ആദ്യമായി ഒരാള്‍ തുഴയും വള്ളംകളി സംഘടിപ്പിച്ചതും അച്ചാംതുരുത്തിയിലാണ്.

അച്ചാംതുരുത്തി മാട്ടുമ്മല്‍ ബ്രദേഴ്‌സ് ആഥിത്യമരുളിയ ജൂനിയര്‍ ആണ്‍കുട്ടികളുടെ 'വള്ളംകളി' കാണാന്‍ അച്ചാംതുരുത്തി പടിഞ്ഞാറെ മാട്ടുമ്മലിലേക്ക് നിരവധിപേരെത്തി. അഞ്ചാള്‍തുഴയും മത്സരത്തില്‍ ഏഴ് ടീമുകള്‍ പുഴയിലിറങ്ങി. രണ്ട് ഹീറ്റ്‌സ് മത്സരത്തിനൊടുവില്‍ നടന്ന ഫൈനലില്‍ പാലിച്ചോന്‍ ബോട്ട് ക്ലബ്ബ് വിജയകിരീടമണിഞ്ഞു. ആതിഥേയരായ മാട്ടുമ്മല്‍ ബ്രദേഴ്‌സ് എ ടീമിനെയും ബി ടീമിനെയും പിന്തള്ളിയാണ് പാലിച്ചോന്‍ നേടിയത്. മികച്ച അനക്കാരനായി മാട്ടുമ്മല്‍ ബ്രദേഴ്‌സ് ടീം ക്യാപ്റ്റന്‍ അഭിവത്സനെയും പാലിച്ചോന്‍ ബോട്ട് ക്ലബ്ബ് ക്യാപ്റ്റന്‍ ആദിഷ് സജീവനെയും തിരഞ്ഞെടുത്തു.

വള്ളംകളി മത്സരം നേരത്തേ പഞ്ചായത്തംഗം കെ.പി.ശ്രീജ ഉദ്ഘാടനം ചെയ്തു. എ.വി.വിനോദ്കുമാര്‍ അധ്യക്ഷതവഹിച്ചു. എ.കെ.പ്രമോദ് സംസാരിച്ചു. സമാപന സമ്മേളനത്തില്‍ ആര്‍.പദ്മനാഭന്‍ ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു. കെ.വി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പി.വി.ജനാര്‍ദനന്‍, കെ.ആദിത്യന്‍ എന്നിവര്‍ സംസാരിച്ചു.