ബന്തടുക്ക: വാനരന്‍മാരെ തുരത്താന്‍ വനാതിര്‍ത്തികളിലെ കൃഷിയിടങ്ങളിലെല്ലാം കൗതുക കാഴ്ചകളാണ്. ആധുനിക യന്ത്ര സംവിധാനങ്ങളെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുകയാണ് കര്‍ഷകര്‍. എന്നാല്‍, തന്ത്രങ്ങള്‍ മെനഞ്ഞുള്ള കര്‍ഷകന്റെ സൂത്രപ്പണികളെയെല്ലാം കുതന്ത്രങ്ങളുമായി നേരിടുകയാണ് കുരങ്ങന്‍മാര്‍.
 
പണ്ടുമുതലേ വനാതിര്‍ത്തിയിലെ കുന്നിന്‍മുകളില്‍ കാടിനോട് പടവെട്ടി കൃഷിയിടം ഒരുക്കിയ കര്‍ഷകകുടുംബങ്ങളാണ് ഇത്തരം തുരുത്തല്‍വിദ്യകള്‍ ഒരുക്കിയിരിക്കുന്നത്. ഉപകരണങ്ങളെല്ലാം കാറ്റ്, വെള്ളം, കായികബലം തുടങ്ങിയവയാല്‍ പ്രവര്‍ത്തിക്കുന്നവയാണ്. എല്ലാം നിര്‍മിച്ചത് പാഴ്വസ്തുക്കള്‍, കാട്ടുവള്ളി, മരക്കോല്‍, ചെറുകല്ല്, തുടങ്ങിയവയാല്‍.

പാഴായ സ്റ്റീല്‍ പാത്രം, സ്റ്റീല്‍ ഗ്ലാസ്, മിക്‌സിയുടെ ജാര്‍ തുടങ്ങിയ ലോഹപ്പാത്രങ്ങള്‍ക്കകത്ത് ചെറു ഉരുളന്‍ കല്ല് കെട്ടിത്തൂക്കി മണിയുടെ രൂപത്തിലാക്കുന്നു. ഇത് കൃഷിയിടത്തിന് ചുറ്റും തറനിരപ്പില്‍നിന്ന് രണ്ട് മീറ്ററോളം ഉയരത്തില്‍ കെട്ടിയ വള്ളിയില്‍ ഇടവിട്ട് കെട്ടിത്തൂക്കുന്നു. കാട്ടുമൃഗങ്ങള്‍ വള്ളിയില്‍ എവിടെയെങ്കിലും തട്ടിയാല്‍ ഉടനെ ദീര്‍ഘനേരം 'മണി' കിലുങ്ങും.

കാറ്റിനെ തടഞ്ഞുനിര്‍ത്തി പ്രത്യേകരീതിയില്‍ ഒരേ ദിശയിലേക്ക് വഴിതിരിച്ചുവിട്ട് മുഴുവന്‍ സമയവും ശബ്ദം മുഴക്കുന്ന ഉപകരണങ്ങളുമുണ്ട്. കാട്ടാരുവിയില്‍നിന്നും മുളന്തണ്ടുവഴി വെള്ളമെത്തിച്ച് തകരപ്പാത്രത്തില്‍ വീഴ്ത്തി പാറപ്പുറത്തേക്ക് തകരപ്പാത്രം ഇടതടവില്ലാതെ ഇടിച്ചുവീഴുമ്പോള്‍ ഉഗ്രശബ്ദമാണ് ഉണ്ടാകുന്നത്. വെള്ളംവീഴുമ്പോള്‍ വൈദ്യുത ജനറേറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്ന പാഴ്വസ്തു നിര്‍മിത 'ടര്‍ബൈനുകളും' ഉണ്ട്. കുന്നിന്‍മുകളില്‍ പുനംകൃഷി എന്നറിയപ്പെടുന്ന കരനെല്‍പ്പാടത്തെ നെല്‍മണികള്‍ കൊത്തിത്തിന്നാനെത്തുന്ന കിളികളെ തുരത്താന്‍ എളുപ്പവിദ്യയാണ്. നീളമുള്ള കോല് നാട്ടി വള്ളിയില്‍ കെട്ടിത്തൂക്കുന്ന ചിരട്ടകള്‍ തമ്മിലുള്ള കൂട്ടിമുട്ടലുകള്‍ മതി ചെറിയ ജീവികള്‍ ഒന്ന് ഭയക്കാന്‍.

ഒരാള്‍ പതുങ്ങിയിരുന്ന് വടിയെടുത്ത് തല്ലുന്ന രീതിയില്‍ അപ്രതീക്ഷിതമായി തല്ലുന്ന വടികളും സജ്ജീകരിച്ചിട്ടുണ്ട്. പി.വി.സി പൈപ്പ് ഉപയോഗിച്ച് തോക്ക് രീതിയില്‍ നിര്‍മിച്ചതാണ് ആധുനിക ഉപകരണം. അല്പം കാര്‍ബൈഡ് ഇട്ട് വെള്ളം ചേര്‍ക്കുമ്പോള്‍ വെടിയൊച്ച മുഴങ്ങും. ആവശ്യമുള്ളപ്പോള്‍ വലിക്കുന്നതനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവയാണ് ചില ഉപകരണങ്ങള്‍. നീളമുള്ള ചരടിന്റെ ഒരറ്റം ഉപകരണത്തിലും മറ്റേ അറ്റം ജനല്‍വഴി വീട്ടിനകത്തേക്കും ഇടും. രാത്രി കിടക്കുമ്പോള്‍ വലിച്ച് പ്രവര്‍ത്തിപ്പിച്ച് ശബ്ദം ഉണ്ടാക്കുന്ന രീതിയാണിത്. ഇവയൊന്നും മൃഗങ്ങള്‍ക്ക് ദേഹോപദ്രവം ഏല്‍പ്പിക്കുന്നവയല്ല എന്നതാണ് പ്രത്യേകത. എങ്കിലും ഇവയെല്ലാം അതിവിദഗ്ധമായി മറികടന്നാണ് കുരങ്ങുകള്‍ വിള നശിപ്പിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

അതേസമയം, അടുത്തകാലത്തായി കുരങ്ങുകള്‍ ടൗണ്‍ പ്രദേശങ്ങളിലേക്കിറങ്ങിയപ്പോള്‍ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് ജനം. കുരങ്ങുകളെ തുരത്താന്‍ വനംവകുപ്പ് ഉടന്‍ നടപടിയെടുക്കണമെന്ന ശക്തമായ ആവശ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.