ബദിയടുക്ക: വിദ്യാലയത്തിലെത്താനുള്ള യാത്രയ്ക്കിടെ ജീവന്‍വരെ നഷ്ടപ്പെടുന്നത്ര ദുരിതമാണ് മലയോരത്തെ കുട്ടികള്‍ക്ക്. ബദിയഡുക്ക, മുള്ളേരിയ, പെര്‍ള മേഖലയിലായി പത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സ്വകാര്യ, പാരലല്‍ മേഖലയിലെ മൂന്ന് കോളേജുകളിലുമായി 16,500-ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് സ്‌കൂള്‍സമയത്ത് എത്തിപ്പെടാന്‍ പറ്റുന്ന രീതിയിലുള്ള ഗതാഗതസൗകര്യം ഈ മേഖലയിലില്ല.

പല വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സ്വന്തമായി ബസ്സുകളില്ലാത്തതിനാല്‍ പൊതുഗതാഗതം തന്നെയാണ് കുട്ടികളുടെ ഏക ആശ്രയം. ദേലംപാടി, പാണ്ടി, കാട്ടുകുക്കെ, വാണിനഗര്‍, കിന്നിങ്കാര്‍ എന്നിവിടങ്ങളില്‍നിന്നൊക്കെ നാമമാത്രമായ ബസ്സുകള്‍ മാത്രമാണുള്ളത്. ചെര്‍ക്കള-പെര്‍ള സംസ്ഥാനപാതയിലൂടെയുള്ള യാത്രയും ഏറെ ബുദ്ധിമുട്ടാണ്. കെ.എസ്.ആര്‍.ടി.സി.യില്‍ യാത്രാസൗജന്യം ലഭിക്കാത്തതിനാല്‍ സ്വകാര്യബസ്സുകള്‍ മാത്രമാണ് ആശ്രയം. സ്‌കൂള്‍സമയങ്ങളിലുള്ള ബസ്സുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്നതിലധികം കുട്ടികള്‍ കയറുന്നതിനാല്‍ ഏറെ അപകടകരമാണ് യാത്ര.

ബുധനാഴ്ച രാവിലെ ബദിയഡുക്ക സഹകരണ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് എം.എ. ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ ഉഷാലത ബസ്സില്‍നിന്ന് വീണുമരിച്ചത്. ദേശീയപാതയായി പ്രഖ്യാപിച്ച ചെര്‍ക്കള-കല്ലടുക്ക സംസ്ഥാനപാതയുടെ അവസ്ഥ ദയനീയമാണ്. സമയക്രമം പാലിക്കാനുള്ള ഓട്ടത്തിനിടയില്‍ കുഴികളില്‍ വീഴുന്ന ബസ്സുകള്‍ക്കകത്തുള്ളവര്‍ വീഴുന്നതും പതിവാണ്. കുത്തിനിറച്ച് പോകുന്ന ബസ്സുകളില്‍ പടിയില്‍വരെ കുട്ടികളും സ്ത്രീകളും നില്‍ക്കേണ്ടിവരുന്നതിനാല്‍ അപകട സാധ്യത ഏറുന്നു.

ഈ പാത അറ്റകുറ്റപ്പണി നടത്തണം എന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി സമരം നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ കരച്ചില്‍സമരമടക്കം വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധിച്ചിരുന്നു. റോഡ് അറ്റകുറ്റപ്പണിക്കുള്ള പ്രഖ്യാപനമല്ലാതെ നടപടികളൊന്നുമായില്ല. പത്തുവര്‍ഷം മുന്‍പാണ് റോഡ് പൂര്‍ണമായും മെക്കാഡം ടാറിങ് നടത്തിയത്. ചെര്‍ക്കള മുതല്‍ കര്‍ണാക അതിര്‍ത്തിവരെ വന്‍കുഴികളാണ്. വിട്‌ള, പുത്തൂര്‍ തുടങ്ങിയേടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന കുട്ടികള്‍ക്കും ഏറെ ബുദ്ധിമുട്ടാണ്. റോഡ് തകര്‍ന്നതിനാല്‍ ബസ്സുകള്‍ക്ക് തകരാറുകള്‍ സംഭവിക്കുന്നതിനാല്‍ ഇടയ്ക്ക് അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിടുന്നതും ബുദ്ധിമുട്ടാകുന്നു.

ദേലംപാടി, പാണ്ടി എന്നിവിടങ്ങളില്‍ വരുന്നവര്‍ക്കാകട്ടെ നാമമാത്രമായ ബസ്സുകളാണുള്ളത്. ദേലംപാടിയില്‍നിന്ന് മുള്ളേരിയ ഭാഗത്തേക്ക് രാവിലെ രണ്ട് ബസ് മാത്രമാണ് സര്‍വീസ് നടത്തുന്നത്. വാണിനഗറിലേക്കാകട്ടെ ഒരു ബസ് മാത്രം. കുമ്പഡാജെ പഞ്ചായത്തില്‍ യു.പി. കഴിഞ്ഞാല്‍ പഠനത്തിനായി 15 കിലോമീറ്ററോളം സഞ്ചരിച്ച് ബദിയഡുക്കയില്‍ എത്തണം. കിന്നിങ്കാര്‍-മുള്ളേരിയ, എത്തടുക്ക-ബദിയഡുക്ക പാതകളിലും ബസ് സൗകര്യം വളരെ കുറവാണ്. കുട്ടികളെ കയറ്റാന്‍ വിമുഖത കാണിക്കുന്നവരുമുണ്ട്. ബസ് വിടാന്‍ നേരത്തുമാത്രം കയറിയാല്‍മതി എന്ന് നിഷ്‌കര്‍ഷിക്കുന്നവരുമുണ്ട്. ബസ് പുറപ്പെടാന്‍നേരത്ത് ഓടിക്കയറുമ്പോഴുള്ള അപകടസാധ്യതയും ഏറെയാണ്.