വൈദ്യുതത്തൂണുകള്‍ തകര്‍ന്നു


ബന്തടുക്ക: മഴക്കെടുതിയില്‍ തുടര്‍ച്ചയായ രണ്ടാംദിനവും വ്യാപക നാശം. വെള്ളിയാഴ്ച രാത്രി കാറ്റില്‍ മരംവീണ് വീടുകള്‍ തകര്‍ന്നു. വ്യാപക കൃഷിനാശവുമുണ്ടായി. മരംവീണ് വൈദ്യുതത്തൂണുകളും തകര്‍ന്നു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ തുടങ്ങിയ കാറ്റും മഴയും ശക്തിപ്രാപിച്ച് ശനിയാഴ്ച പുലര്‍ച്ചെ രണ്ടരവരെ തുടര്‍ന്നു.

പള്ളഞ്ചി മീത്തല്‍ മൂസയുടെ വീടിനുമുകളിലേക്ക് മരം കടപുഴകിവീണു. പുളുവിഞ്ചി റെജിയുടെ 10 റബ്ബര്‍മരം നശിച്ചതായി കുറ്റിക്കോല്‍ കൃഷിഭവന്‍ അധികൃതര്‍ അറിയിച്ചു. തെക്കില്‍ ആലട്ടി റോഡിരികില്‍ അടുത്തിടെ കേബിള്‍ കുഴിയെടുത്ത മണ്ണ് ഉറപ്പിക്കാത്തതിനാല്‍ മഴവെള്ളത്തോടൊപ്പം ഒലിച്ച് റോഡില്‍ വിവിധയിടങ്ങളില്‍ ചെളിക്കെട്ടുണ്ടായി. കെ.എസ്.ഇ.ബി. കുറ്റിക്കോല്‍ സെക്ഷന്റെ പരിധിയില്‍ കയമൂര്‍ഖന്‍കയയില്‍ ബന്തടുക്ക-മാണിമൂല റോഡരികിലെ വൈദ്യുതക്കമ്പിക്ക് മുകളില്‍ കൂറ്റന്‍ മരംവീണ് തൂണുകള്‍ തകര്‍ന്നു.

നാട്ടുകാര്‍ രാവിലെതന്നെ മരം മുറിച്ചുമാറ്റി ഗതാഗതതടസ്സം ഒഴിവാക്കി.

ബേത്തലം വടക്കേക്കരയിലും തൂണ്‍ തകര്‍ന്നു.

ചാമക്കൊച്ചിയില്‍ നാലും കുമ്പച്ചിമൂലയില്‍ ഒന്നും വൈദ്യുതത്തൂണുകള്‍ തകര്‍ന്നു. കുതിരത്തൊട്ടി, ബേത്തൂര്‍പാറ, കരിവേടകം, ശങ്കരമ്പാടി, തൊടുപ്പനം തുടങ്ങിയിടങ്ങളില്‍ മരംവീണ് വൈദ്യുതക്കമ്പി പൊട്ടി.

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയും 15 സ്ഥലങ്ങളില്‍ കമ്പിപൊട്ടിയത് ശരിയാക്കി വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് വൈദ്യുതബന്ധം പുനഃസ്ഥാപിച്ചത്. എന്നാല്‍, ഒരുമണിക്കൂറിനുശേഷം വീണ്ടും വൈദ്യുതി തടസ്സപ്പെട്ടു. ജീവനക്കാരുടെ വിശ്രമമില്ലാത്ത സേവനം ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ വൈദ്യുതബന്ധം പുനഃസ്ഥാപിക്കാന്‍ സഹായകമായി.

രണ്ടാഴ്ചമുന്‍പ് പെയ്ത മഴയില്‍ സെക്ഷന്‍ പരിധിയില്‍ ഇരുപത്തഞ്ചോളം തൂണുകള്‍ തകര്‍ന്നിരുന്നു.