ആറുദിവസമായി വൈദ്യുതിയില്ല
രാജപുരം:
മലയോരത്ത് വൈദ്യുതിവിതരണം തടസ്സപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. രാത്രിയും പകലും ഒരുപോലെ വൈദ്യുതി തടസ്സപ്പെട്ടതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. രാജപുരം, ബളാംതോട് വൈദ്യുതി സെക്ഷനു കീഴിലാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.

സെക്ഷനുകള്‍ക്ക് കീഴിലെ പല സ്ഥലങ്ങളിലും കഴിഞ്ഞ ആറുദിവസത്തോളമായി വൈദ്യുതിവിതരണം ഭാഗികമായി മുടങ്ങിയിരിക്കുകയാണ്. കോട്ടോടി, തായന്നൂര്‍, കോടോത്ത്, അയറോട്ട്, പൂടംകല്ല്, ചുള്ളിക്കര, ഇരിയ, തട്ടുമ്മല്‍, പൊടവടുക്കം, ചാമുണ്ഡിക്കുന്ന്, പാണത്തൂര്‍ തുടങ്ങി മിക്ക സ്ഥലങ്ങളിലും ഇതാണ് സ്ഥിതി. വൈദ്യുതി സെക്ഷന്‍ ഓഫീസുകളില്‍ വിളിച്ചാല്‍ ഫോണ്‍പോലും എടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. പകല്‍നേരത്തുള്ള വൈദ്യുതിമുടക്കം സര്‍ക്കാര്‍ ഓഫീസുകളുടെയും അക്ഷയ കേന്ദ്രങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയുമടക്കം പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

വൈദ്യുതിയില്ലെങ്കില്‍ വില്ലേജുകളില്‍ നികുതിയടയ്ക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സ്‌കൂള്‍കാലമാരംഭിക്കുന്നതിന് മുന്‍പുതന്നെ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ അക്ഷയ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. ഇവര്‍ക്കും വൈദ്യുതിയില്ലാത്തതിനാല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. വെല്‍ഡിങ്, അലുമിനീയം ഫാബ്രിക്കേഷന്‍ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ലാബുകള്‍, ബാങ്കുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനവും വൈദ്യുതി തടസ്സപ്പെടുന്നതോടെ താളം തെറ്റുകയാണ്.

അധികൃരോട് അന്വേഷിക്കുമ്പോള്‍ മാവുങ്കാല്‍ സബ്‌സ്റ്റേഷനിലുള്ള തകരാറാണെന്ന് സെക്ഷന്‍ ജീവനക്കാരും സെക്ഷനു കീഴിലുള്ള പ്രശ്‌നമാണെന്ന് സബ്‌സ്റ്റേഷന്‍ അധികൃതരും പരസ്​പരം പഴിചാരുകയാണെന്നും ഉപഭോക്താക്കള്‍ പറയുന്നു. ഇതിനിടെ ദിവസങ്ങളായി അനുഭവിക്കുന്ന ദുരിതത്തില്‍ സഹികെട്ട് ചിലര്‍ രാജപുരം സെക്ഷന്‍ ഓഫീലെത്തി കുത്തിയിരിപ്പ് സമരത്തിനും ഒരുങ്ങിയിരുന്നു. വൈദ്യുതി മുടങ്ങിയാല്‍ വരും ദിവസങ്ങളില്‍ നാട്ടുകാര്‍ സംഘടിച്ചെത്തി പ്രതിഷേധിക്കാനും ആലോചന നടക്കുന്നുണ്ട്.

കഴിഞ്ഞദിവസം വേനല്‍മഴയിലും കാറ്റിലുമായി രണ്ട് സെക്ഷനുകീഴിലും വൈദ്യുതത്തൂണുകള്‍ തകര്‍ന്നും ലൈന്‍ പൊട്ടിവിണും ഉള്‍ഗ്രാമങ്ങളിലേക്കടക്കം വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പലസ്ഥലത്തും ജീവനക്കാര്‍ വൈദ്യുതി തൂണുകള്‍ മാറ്റുന്നതടക്കമുള്ള ജോലി വേഗത്തില്‍ ചെയ്യുന്നുമുണ്ട്. എന്നാല്‍ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിക്കാത്ത ഭാഗങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനു കാരണം.