മുള്ളേരിയ: ഇതുവരെ എഴുതപ്പെടാത്ത കാറഡുക്ക ചരിത്രം പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍പ്പെട്ട മുളിയാര്‍, ബേഡഡുക്ക, കുറ്റിക്കോല്‍, ദേലമ്പാടി, ബെള്ളൂര്‍, കുമ്പഡാജെ, കാറഡുക്ക എന്നീ പഞ്ചായത്തുകളിലെ ചരിത്രവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകം 28-ന് പ്രസിദ്ധീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.പ്രദീപിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചരിത്രപഠന പ്രസിദ്ധീകരണത്തിന്റെ പ്രവര്‍ത്തനത്തില്‍ കണ്ണൂര്‍ സര്‍വകലാശാല മുന്‍ ചരിത്രവിഭാഗം തലവന്‍ ഡോ. സി.ബാലനാണ് നേതൃത്വംകൊടുത്തത്. ചരിത്ര പ്രസിദ്ധീകരണത്തിന്റെ ഭാഗമായി പഞ്ചായത്തുതല റിസോഴ്‌സ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. 2013 നവംബറില്‍ തുടങ്ങിയതാണ് ചരിത്രാന്വേഷണം. ഓരോ പഞ്ചായത്തിന്‍നിന്നും 15 അംഗങ്ങളാണ് വിവരശേഖരണം നടത്തിയത്. പ്രാദേശികതലത്തില്‍നിന്ന് ലഭ്യമായ വിവരങ്ങള്‍ നിരവധി വ്യക്തികളും സംഘടനകളും ശേഖരിച്ചതോടൊപ്പം എന്‍.എസ്.എസ്. കുട്ടികള്‍ സര്‍വേനടത്തിയും കണ്ടെത്തി. കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ചരിത്രം തയ്യാറാക്കിയത്. മനുഷ്യവാസം ആരംഭിച്ചതുമുതല്‍ 1947 വരെയുള്ള ചരിത്രമാണ് രേഖപെടുത്തുന്നത്. 28-ന് ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ പുസ്തകം പ്രകാശനംചെയ്യും.