മൊഗ്രാല്‍ പുത്തൂര്‍: ദേശാടന തുമ്പികളെ തേടി വിദ്യാര്‍ഥികളുടെ പഠനാന്വേഷണം. മൊഗ്രാല്‍ പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ്- ഇക്കോ ക്ലബ്ബാണ് വേറിട്ട പ്രകൃതി നിരീക്ഷണം നടത്തിയത്. അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്ന് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരം ലക്ഷ്യമാക്കി വന്ന ദേശാടകരായ തുലാത്തുമ്പികളെ മൊഗ്രാല്‍പുത്തൂര്‍ കുന്നുകള്‍ക്ക് മുകളില്‍ കുട്ടികള്‍ കണ്ടു. തുലാവര്‍ഷത്തോടെയാണ് ഇവ കേരള തീരത്തേക്ക് ദേശാടനത്തിനെത്തുന്നതെന്ന് ഇവര്‍ മനസ്സിലാക്കി.
ഗ്ലോബല്‍ സ്‌കിമ്മേഴ്‌സ് അഥവാ വാണ്ടറിങ് ഗ്ലൈഡര്‍ എന്നറിയപ്പെടുന്ന തുലാത്തുമ്പികള്‍ ദേശാടനത്തിലെ വമ്പന്‍മാരാണ്. നാട്ടില്‍ കൊതുകുകളുടെ എണ്ണം വര്‍ധിക്കുന്നതോടെയാണ് ഇവയുടെ വരവ്. കൊതുകുകളുടെ എണ്ണം നിയന്ത്രിക്കുന്നതോടൊപ്പം പൊതുജനാരോഗ്യം ഉറപ്പു വരുത്തുകയുമാണ് തുലാത്തുമ്പികളുടെ ധര്‍മം.
തുമ്പികളുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും താത്പര്യം ജനിപ്പിക്കുന്നതിനുമായി തുമ്പികളുടെ സ്‌കൂള്‍ ഫീല്‍ഡ് ഗൈഡ് പുറത്തിറക്കുന്നുണ്ട്. പ്രഥമാധ്യാപകന്‍ കെ.അരവിന്ദ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ആനന്ദ് പേക്കടം ക്ലാസെടുത്തു. കെ.അബ്ദുള്‍ ഹമീദ്, ടി.എം.രാജേഷ്, എം.സുരേന്ദ്രന്‍, പി.എ.നളിനി, പി.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.