കാസര്‍കോട്: കിണറ്റില്‍ വീണ അമ്മയെയും രക്ഷിക്കാന്‍ കിണറ്റിലേക്കിറങ്ങിയ മക്കളെയും കാസര്‍കോട് അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.

പാറക്കട്ട മധൂര്‍ റോഡില്‍ എ.ആര്‍. ക്യാമ്പിന് സമീപം തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഗംഗാധരന്റെ ഭാര്യ ശ്യാമള (54) ആണ് അബദ്ധത്തില്‍ കിണറ്റില്‍ വീണത്. അമ്മയെ രക്ഷിക്കാന്‍ മക്കളായ സജേഷും വിജേഷും കയറില്‍ പിടിച്ച് കിണറ്റിലിറങ്ങി.

14 മീറ്റര്‍ ആഴമുള്ള കിണറ്റില്‍ നാലുമീറ്ററോളം വെള്ളമുണ്ടായിരുന്നു. മക്കളുടെ സാഹായത്തോടെ ശ്യാമള വെള്ളത്തില്‍ മുങ്ങാതെ രക്ഷപ്പെട്ടു.

കയറില്‍ പിടിച്ചുനിന്ന മൂവര്‍ക്കും മുകളിലേക്ക് കയറാനായില്ല. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടുനിന്നെത്തിയ അഗ്‌നിരക്ഷാസേന രക്ഷാവലയിറക്കി സജേഷിനെയും അമ്മയെയും കയ്ക്കെത്തിച്ചു. പിന്നീട് വിജേഷിനും രക്ഷപ്പെടുത്തി.

സ്റ്റേഷന്‍ ഓഫീസര്‍ പി.വി. പ്രകാശ്കുമാര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.ബി. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ശ്യാമളയ്ക്ക് പ്രഥമശുശ്രൂഷ നല്‍കിയശേഷം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.