പൊവ്വൽ: ചൂട് 34 ഡിഗ്രി കടക്കുമ്പോൾ തൊണ്ടവരളുന്നത് സംഘാടകർക്ക്. മൂന്ന് ദിവസത്തിനുള്ളിൽ റേഷൻപോലെ വാങ്ങിയത് 5000 ലിറ്റർ വെള്ളം. 20 ലിറ്റർ വെള്ളത്തിന് വില 60 രൂപ. 
കലോത്സവറൂട്ടിൽ വണ്ടിവന്നില്ലെങ്കിൽ പ്രത്യേകം എത്തിക്കാൻ 100 രൂപ കലോത്സവ തണ്ണീർപന്തലിൽ യു.ഡി.എസ്.എഫ്. വിദ്യാർഥികൾ നൽകുന്ന വെള്ളത്തിന് പുറമെയുള്ള കണക്കാണിത്. 

സംഘാടകസമിതി രൂപവത്കരിക്കുന്നതിന് മുമ്പ് ആദ്യം ചർച്ചയായ വിഷയമാണ് കുടിവെള്ളം. പാറപ്രദേശത്ത് കുഴിച്ച കുഴൽക്കിണറിൽ കിട്ടുന്ന വെള്ളം ഹോസ്റ്റലിലെ കുട്ടികൾക്ക് തികയില്ല. ആയിരക്കണക്കിന് പ്രതിഭകൾക്ക് പിന്നെവിടെ നിന്ന് വെള്ളംകൊടുക്കും. ഉത്തരംകിട്ടാതായപ്പോൾ അവർ എങ്ങിനെയും കുടിക്കട്ടെ എന്നുവരെയായി കാര്യങ്ങൾ. ഒടുവിൽ രണ്ട് കുഴൽക്കിണർ കുഴിച്ചു. അതിൽ നിന്നുള്ള കുറച്ച് വെള്ളം ഒരുപരിധിവരെ കുടിവെള്ളമായി കലോത്സവ നഗരിയിലെത്തി. 
താപനില 32 ഡിഗ്രിയും കഴിഞ്ഞ് മുന്നേറിയപ്പോൾ അത് തികയാതായി.

സംഘാടകർ വാങ്ങിയ 20 ലിറ്റർ കാനുകൾ മണിക്കൂറിനുള്ളിൽ തീർന്നു. കുപ്പിവെള്ളം ധാരാളമായി വില്പനയ്ക്കെത്തി. പ്രാദേശിക കമ്പനികളുടെ കുടിവെള്ളമായിരുന്നു ഇത്. കാണാത്ത ബ്രാൻഡുകളായതിനാൽ ബോട്ടിലിന് പുറത്തെ ഫോൺനമ്പറിൽ ചിലർ വിളിച്ച്‌ ഉറപ്പുവരുത്തി. ചെറുപുഴയിലും കർണാടക ഉഡുപ്പിയിൽനിന്നുള്ള കമ്പനികളാണിത്.

വേദികളിലെ കുടിവെള്ളം തീർന്നത് വലിയ പ്രശ്നമായി. പുറമെനിന്ന് ഏർപ്പാടാക്കിയ തിളപ്പിച്ചാറ്റിയ ചൂടുവെള്ളം കാനുകളിലാക്കി നൽകുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് കലോത്സവ വൊളന്റിയർ കൺവീനർ സുഭാഷ് പാടി പറഞ്ഞു. വെള്ളത്തിന്റെ ‘വില’ ശരിക്കും അറിയുകയാണ് പൊവ്വലിലെ കലോത്സവം.