പൊയിനാച്ചി: വെറ്ററിനറി സര്‍ജന്റെ സേവനം യഥാസമയം കിട്ടാത്തതുകാരണം പ്രസവാനന്തരം പശുവും കിടാവും ചത്തതായി പരാതി. ജഡപരിശോധന നടത്താന്‍ അധികൃതര്‍ എത്താന്‍ വൈകിയതുകാരണം ഒരുദിവസം മുഴുവന്‍ ചത്ത പശുവിനെ സംസ്‌കരിക്കാതെ ക്ഷീരകര്‍ഷകന്‍ കാത്തിരുന്നു. കരിച്ചേരി വിളക്കുമാടത്തെ മുതലക്കുണ്ട് കുഞ്ഞിരാമന്‍ നായര്‍ക്കാണ് ഈ ദുരനുഭവം. കുണ്ടംകുഴിയിലെ ബേഡഡുക്ക മൃഗാസ്പത്രിയില്‍ മാസങ്ങളായി വെറ്ററിനറി സര്‍ജനില്ലാത്തതാണ് കാരണം. 22-നാണ് കുഞ്ഞിരാമന്‍ നായരുടെ പശു പ്രസവിച്ചത്.

ഗര്‍ഭപാത്രം പുറത്തേക്ക് വന്നതോടെ പശു അവശനിലയിലായി. അതോടെ വെറ്ററിനറി ഡോക്ടറെ അന്വേഷിച്ച് പരക്കംപാച്ചിലായി. കുറ്റിക്കോല്‍, പാലക്കുന്ന്, തച്ചങ്ങാട് എന്നിവിടങ്ങളിലെ ഡോക്ടര്‍മാരെ ബന്ധപ്പെട്ടെങ്കിലും യഥാസമയം സേവനവും വിദഗ്ധചികിത്സയും ലഭിച്ചില്ലെന്ന് കുഞ്ഞിരാമന്‍ നായര്‍ പറയുന്നു.

തിങ്കളാഴ്ച രാവിലെ കിടാവ് ചത്തു. ഇതിനിടെ മറ്റൊരിടത്തെ വെറ്ററിനറി ഡോക്ടര്‍ എത്തി പുറത്തേക്കിറങ്ങിയ ഗര്‍ഭപാത്രം പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമിച്ചിരുന്നു. വെള്ളംപോലും കുടിക്കാനാവാതെനിന്ന പശു ചൊവാഴ്ച പുലര്‍ച്ചെ രണ്ടിന് ചത്തു.

ഈ വിവരം രാവിലെ വിളിച്ചറിയിച്ചപ്പോള്‍ മൃതദേഹപരിശോധന നടത്തിയശേഷം മറവുചെയ്താല്‍ മതിയെന്ന് പകരം ചുമതല കിട്ടിയ വെറ്ററിനറി ഡോക്ടര്‍ നിര്‍ദേശിച്ചു. പക്ഷേ, ഔദ്യോഗികതിരക്കുകള്‍ കാരണം അദ്ദേഹം മൃതദേഹപരിശോധന നടത്തിയത് 30 മണിക്കൂര്‍ കഴിഞ്ഞ്.

ബുധനാഴ്ച രാവിലെ ഒന്‍പതിന് അധികൃതര്‍ സ്ഥലത്തെത്തുമ്പോഴേക്കും ചത്ത പശുവില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കഴിഞ്ഞ പശുവാണിത്. വിവരമറിഞ്ഞ ഉടനെ ആദ്യം സ്ഥലത്ത് പോയിരുന്നുവെന്നും മൃതദേഹപരിശോധനയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കാത്തതും ഔദ്യോഗികയോഗത്തില്‍ പങ്കെടുക്കേണ്ട തിരക്കുകാരണം തിരിച്ചുപോരുകയായിരുന്നുവെന്നും മൃതദേഹപരിശോധന നടത്തിയ ഡോ. നീരജ് പറഞ്ഞു.