കാസർകോട്: സംവിധായകൻ കമൽ പാകിസ്താനിലേക്ക് പോകണമെന്ന ബി.ജെ.പി.നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ ഒറ്റയാൾപ്പോരാട്ടവുമായി ചലച്ചിത്രതാരം അലൻ സിയർ.  കാസർകോട് പുതിയ ബസ്‌സ്റ്റാൻഡിലാണ് തെരുവുനാടക ശൈലിയിൽ അലൻ സിയർ പ്രതിഷേധിച്ചത്‌.

ദേശീയ മാനകങ്ങളെ അംഗീകരിക്കാനാവില്ലങ്കിൽ സംവിധായകൻ കമൽ രാജ്യം വിട്ടുപോകുന്നതാണ് നല്ലതെന്ന ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെയാണ്‌ പ്രതിഷേധം. 
 
ജനിച്ചുവീണ മണ്ണ് വിട്ട് പോകാൻ ആരും ആഗ്രഹിക്കുന്നിെല്ലന്നും രാജ്യം വിട്ടുപോകാൻ കല്പിക്കുന്നത് ഒരാളുടെ അവകാശങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെവിടെയായാലും തന്റെ പ്രതിഷേധം അറിയിക്കണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇത്തരം പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.