തൃക്കരിപ്പൂർ: മാണിയാട്ട് കോറസ് കലാസമിതിയുടെ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന എട്ടാമത് എൻ.എൻ.പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിന് തിരശ്ശീലയുയർന്നു. 10 ദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവത്തിന്‌ സിനിമാനിർമാതാവും താരവുമായ ലാൽ കളിവിളക്ക് തെളിച്ചു.

മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജ്യോതീന്ദ്രനാഥ്‌ ഉദ്ഘാടനംചെയ്തു. ചടങ്ങിൽ മുൻ എം.എൽ.എ. കെ.കുഞ്ഞിരാമൻ അധ്യക്ഷതവഹിച്ചു. എൻ.എൻ.പിള്ള സിനിമാ അവാർഡ് നടൻ ലാലിന് കളക്ടർ ഡോ. ഡി.സജിത്ത്ബാബു നൽകി.

ഇ.കുഞ്ഞിരാമൻ, പയ്യന്നൂർ മുരളി, എം.വി.കോമൻ നമ്പ്യാർ, ബിജു നെട്ടറ, എൻ.രവീന്ദ്രൻ, അരവിന്ദൻ മാണിക്കോത്ത്, തമ്പാൻ കിനേരി തുടങ്ങിയവർ സംസാരിച്ചു. നാടകജ്യോതി കോട്ടയത്തെ എൻ.എൻ.പിള്ള സ്മൃതിമണ്ഡപത്തിൽനിന്നാണ്‌ കോറസ് കലാസമിതിയുടെ അത്‌ലറ്റുകൾ എത്തിച്ചത്.

ചടങ്ങിൽ പ്രളയകാലത്ത് നിസ്വാർഥസേവനം നടത്തിയ കെ.എസ്.ഇ.ബി. പിലിക്കോട് സെക്‌ഷൻ, തൃക്കരിപ്പൂർ അഗ്നിശമനസേനാവിഭാഗം മേധാവികളെയും ഡോ. പ്രവീൺകുമാറിനെയും ആദരിച്ചു. തുടർന്ന് കൊല്ലം കാളിദാസകലാകേന്ദ്രത്തിന്റെ ‘അമ്മ’ അവതരിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഏഴിന് തിരുവനന്തപുരം സംസ്കൃതിയുടെ ‘ജീവിതപാഠം’ അവതരിപ്പിക്കും.