കണ്ണൂര്‍:കണ്ണൂര്‍ ആശുപത്രി മുതല്‍ ചക്കരക്കല്‍ വരെ താഴെചൊവ്വ - തങ്കേക്കുന്നു - ആറ്റടപ്പ - ചാത്തോത്ത് കുളം - പള്ളിപ്പൊയില്‍ വഴി സര്‍വീസ് നടത്തുന്ന 'സുജയ് ' ബസ് സര്‍വീസ് അവസാനിപ്പിച്ചിട്ടു രണ്ടു മാസങ്ങള്‍ കഴിഞ്ഞു.കോയ്യോട് കേളപ്പന്‍ മുക്ക് മുതല്‍ പള്ളിപ്പൊയില്‍ വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ പൊതു യാത്ര സൗകര്യം എന്ന് പറയുന്നത് ഇത് വഴിയുള്ള രണ്ട് ബസ്സുകള്‍ മാത്രമാണ്. കാളിയത്ത് ചിറ , ചെമ്പിലോട് എല്‍ പി സ്‌കൂള്‍ (കണ്ടോത്ത് സ്‌കൂള്‍) പരിസരങ്ങളിലെ ജനങ്ങളും ഈ ബസുകളെയാണ് യാത്രക്കായി ആശ്രയിക്കുന്നത്. ആകെയുള്ള രണ്ട് ബസ്സുകളില്‍ ഒന്ന് പെര്‍മിറ്റ് പുതുക്കി കിട്ടാതെ സര്‍വീസ് അവസാനിപ്പിച്ചാല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ കടുത്ത യാത്രാ ക്ലേശം അനുഭവിക്കുകയാണ്. ഈ മഴക്കാലത്ത് ഇത്ര അധികം യാത്രാക്ലേശം ജനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല.

 ഒരു കെ എസ് ആര്‍ ടി സി ബസ് എന്നത് ഈ പ്രദേശത്തെ ഞങ്ങളുടെ സ്വപ്നമാണ്, സ്ഥലം എം എല്‍ എ കൂടിയായ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ്. പനിയും മറ്റു പകര്‍ച്ച വ്യാധികളും പകര്‍ന്നു പിടിക്കുന്ന മഴക്കാലത്ത് യാത്രക്ക് ബസ് ഇല്ലാത്തതിനാല്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. താല്‍കാലിക പെര്‍മിറ്റ് നല്‍കിയോ മറ്റു യാത്ര സൗകര്യം ഒരുക്കി കൊടുക്കാനോ ബന്ധപ്പെട്ട അധികാരികള്‍ ഇടപെടണം എന്നാണ് ജനങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ അധികാരികള്‍ക്ക് നിവേദനം നല്‍കാനും പരിഹാരമായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്കും പോകണം എന്നാണ് നാട്ടുകാരുടെ തീരുമാനം.