മാതമംഗലം: എരമം തൗവ്വറയിലെ പാറമടയുടെ പ്രവർത്തനം പരിസ്ഥിതിക്ക് ആഘാതമാകുന്നതായി പരാതി. ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും വന്യജീവികൾക്കും പാറമട ഭീഷണിയാകുകയാണ്. വെടിമരുന്നുപയോഗിച്ച് വൻ സ്പോടനം നടത്തിയാണ് കരിങ്കല്ലുകൾ പൊട്ടിക്കുന്നത്.
ഇതുമൂലം പാറമടയോട് ചേർന്നുള്ള അരുചിറച്ചാൽ തോട്‌വറ്റിയ നിലയിലായി. പരിസരങ്ങളിലുള്ള നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ ജലസ്രോതസ് പെരുമ്പ പുഴയുടെ പ്രധാന നീർച്ചാലാണ്. പാറമടയിലേക്ക് വണ്ടികൾക്ക് പോകാൻ തോട് മണ്ണിട്ട് നികത്തി റോഡ് നിർമിച്ചതായി നാട്ടുകാർ പരാതിപ്പെടുന്നു. വിശാലമായ പാറപ്പരപ്പിൽ അറുപത് മീറ്റർ താഴ്ചയിൽ ഒറ്റത്തൂക്കിന് കിടക്കുന്ന പാറമട വൻ ഭീഷണിയായി മാറി.
സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാത്തതിനാൽ മനുഷ്യരും മൃഗങ്ങളും തെന്നിവീഴാവുന്ന സ്ഥിതിയിലാണ്. പരിസ്ഥിതിക്കും ജീവനും ഭീഷണിയായ ക്വാറിക്കെതിരെ നടപടിയെടുക്കണമെന്ന് പരിസ്ഥിതി പ്രവർത്തകരായ ഭാസ്കരൻ വെള്ളൂർ, നിശാന്ത് കുളപ്രം എന്നിവർ ആവശ്യപ്പെട്ടു.