കണ്ണൂർ: യൂത്ത് ലീഗ് കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് ഉപരോധത്തിനിടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി, അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ആറുമണിക്ക്‌ ഉപരോധം തുടങ്ങിയിരുന്നു. പത്തുമണിയോടെ ചില പ്രവർത്തകർ മതിൽചാടി അകത്ത് കടന്നതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കൊണ്ടുപോകുമ്പോൾ യൂത്ത്‌ ലീഗ്‌ പ്രവർത്തകർ വാഹനം തടഞ്ഞു. ഇതിനിടെ വണ്ടി തട്ടി യൂത്ത് ലീഗ് പ്രവർത്തകനായ വാരം സ്വദേശി ഫായിസിന്‌ പരിക്കേറ്റു. ഇദ്ദേഹെത്ത ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പ്രവർത്തകർ മാറിപ്പോകാത്തതിനെ തുടർന്നാണ് ടൗൺ സി.ഐ. പ്രദീപൻ കണ്ണിപ്പൊയിൽ, ടൗൺ എസ്.ഐ. ബാവിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലാത്തിച്ചാർജ് നടത്തിയത്. ലാത്തിച്ചാർജിൽ ഇർഷാദ്‌ (പള്ളിപ്രം) റാഷിദ് (കണ്ണൂർ സിറ്റി) തുടങ്ങിയ അഞ്ചുപേർക്ക്‌ പരിക്കേറ്റു. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ സമാധാനിപ്പിച്ചത്‌. തുടർന്ന് ഇരുന്നൂറോളം പേരെ പോലീസ് അറസ്റ്റ്ചെയ്ത് നീക്കി. ഉപരോധം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനംചെയ്തു. ജനറൽ സെക്രട്ടറി ഇബ്രാഹിം അധ്യക്ഷതവഹിച്ചു. സമീർ പറന്പത്ത്, പി.കെ.സുബൈർ, കെ.പി.താഹിർ, എം.പി.എ.റഹീം, അൻസാരി തില്ലങ്കേരി, കെ.ടി.സഹദുള്ള എന്നിവർ പ്രസംഗിച്ചു.