കണ്ണൂർ : ''ഏത്‌ പോലീസുകാരിയായാലും ജോലിക്കെത്തും മുമ്പ് വീട്ടുകാര്യങ്ങളും നോക്കണം. പുലർച്ചെ 4.30-ന് എഴുന്നേറ്റ് എല്ലാ വീട്ടുജോലികളും തീർത്തു വേണം സ്റ്റേഷനിലെത്താൻ. ഉച്ചഭക്ഷണവും ബാഗിലാക്കി തീവണ്ടിയിൽ കയറിയാലറിയാം ജോലിക്കാരായ സ്ത്രീകളുടെ വിഷമം. ലേഡീസ് കമ്പാർട്ട്‌മെന്റിലിരുന്നോ നിന്നോ ആവും പ്രഭാതഭക്ഷണം, ചിലർ പാതിമുറിഞ്ഞ ഉറക്കം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ടാവും. വൈകീട്ടാണെങ്കിൽ അടുത്തദിവസത്തേക്കുള്ള പച്ചക്കറികൾ മുറിച്ചുവെയ്ക്കുന്നവരെയും കാണാം. എന്നാൽ, പുരുഷൻമാർ പത്രവായനയിലും രാഷ്ട്രീയ ചർച്ചയിലുമായിരിക്കും. ഇതാണ് വ്യത്യാസം''- ഇതുംപറഞ്ഞുകൊണ്ട് കണ്ണൂർ വനിതാ സെൽ സി.ഐ. പി.വി.നിർമല യൂണിഫോമിൽ സ്റ്റേഷനിലേക്ക് കയറി.

സമയം രാവിലെ എട്ട്. പിങ്ക് പോലീസുകാർക്ക് പട്രോളിങ് ഡ്യൂട്ടി നൽകി അവരെ വിട്ടു. സ്റ്റേഷനിലെ അല്ലറ ചില്ലറ ഡ്യൂട്ടിയും തീർത്ത് പോക്സോ കേസിൽ പിതാവ് പീഡിപ്പിച്ച നാലാംക്ലാസുകാരിയുടെ മൊഴിയെടുക്കാൻ സ്റ്റേഷനിൽനിന്നിറങ്ങി. കുട്ടികളുടെ മൊഴിയെടുക്കുന്നതാണ് പ്രയാസം. പോലീസുകാർക്ക് കരയാനാവില്ലല്ലോ. പലപ്പോഴും കണ്ണുനിറഞ്ഞുപോകും. എന്റെ മേശപ്പുറത്തിരുത്തി മൊഴിയെടുത്തിട്ടുണ്ട് ഒരു പിഞ്ചുകുഞ്ഞിനെ. അവളെ ഒക്കത്തെടുത്താണ് സംഭവം നടന്ന സ്ഥലത്തെത്തിയത്. കുട്ടികൾക്ക് പറയാനറിയില്ല. സൂചനകൾ നൽകിയും കളിയിലൂടെയും കൗൺസലിങ്ങിലൂടെയുമെല്ലാം വേണം ഓരോന്ന് ചോദിച്ചറിയാൻ. ചിലകുട്ടികൾ പഠിപ്പിച്ചതുപോലെ പറയും. ശരിയല്ലാത്തതെന്ന് തോന്നിയാൽ നിരപരാധികളെ രക്ഷിക്കാനും ഇടപെടേണ്ടി വരാറുണ്ട്.

തിരിച്ചെത്തിയപ്പോൾ ഉച്ചയ്ക്ക് സ്റ്റേഷന്റെ വരാന്തയിൽ പരാതിയുമായി ഒരമ്മ. കോളേജുകുമാരിയായ മകളെ സ്ഥിരമായി ഒരു മറുനാട്ടുകാരൻ യുവാവ് ശല്യംചെയ്യുന്നു. പ്രേമമാണെന്ന് പറഞ്ഞ് ബസ്സിലും പിന്നാലെ കൂടും. ഇതോടെ കോളേജിലേക്കില്ലെന്ന് മകൾ. ഇങ്ങനെ പേടിച്ചാൽ ജീവിതത്തിൽ പിൻമാറാനേ നേരമുണ്ടാകൂവെന്ന് പറഞ്ഞ് ധൈര്യം നൽകി മകളെ കോളേജിലേക്ക് വിട്ടു സി.ഐ. വൈകീട്ടോടെ പൂവാലനെ പൊക്കി പിങ്ക് പോലീസുകാരികൾ സ്റ്റേഷനിലെത്തിച്ചു.

ഇതിനിടെ പുസ്തകങ്ങളുമായി കുറച്ചുവീട്ടമ്മമാരും കുട്ടികളും പോലീസുകാരികളെ കൂട്ടുകാരികളോടെന്നപോലെ സംസാരിച്ച് പരിഭ്രമങ്ങളൊന്നുമില്ലാതെ സെല്ലിലൂടെ നടക്കുന്നു. വനിതാസെല്ലിലെ വനിതാ ലൈബ്രറിയിലേക്കെത്തിയതാണ്. 2009ൽ തുടങ്ങിയ ലൈബ്രറിയിൽ ഒന്നിച്ചിരുന്ന് വായിച്ചും പഠിച്ചും സർക്കാർ ജോലിയിൽ കയറിയ 20 ലധികം പേരുണ്ട്. ലൈബ്രറി തുടങ്ങിയത് 2009 ൽ താൻ സി.ഐ. ആയിരുന്ന കാലത്താണെന്ന് പറഞ്ഞ് ഉച്ചയൂണ് കഴിക്കാതെ അവർ കൗൺസലിങ് റൂമിലേക്ക് പോയി.

ഓരോ ദിവസവും പരാതിക്കാർക്ക് പുറമെ കൗൺസലിങ്ങിനായും നിരവധിപേരെത്തുന്നുണ്ട്. അത് രാത്രി എട്ടുവരെ നീണ്ട ദിവസങ്ങളുമുണ്ട്. ഉച്ചയൂണിന്റെ സമയം നേരത്തെ കഴിഞ്ഞെങ്കിലും ഊൺ കഴിക്കാനായപ്പോൾ വനിതാസെൽ ഒരു വീടുപോലെയായി. പോലീസുകാരികൾ വീട്ടുകാരികളും. ഒന്നിച്ചിരിക്കാനാവാറില്ലെങ്കിലും പല വീടുകളിൽനിന്നെത്തിയ പല വിഭവങ്ങളും പങ്കിട്ട് ഊണ്. അപ്പോഴേക്കും അടുത്ത പരാതിക്കാരെത്തി.

സി.ഐ. പാതികഴിച്ച ഭക്ഷണപ്പാത്രം മടക്കി. കേസിലെ വാദിയും പ്രതിയും ഹാജരായിട്ടുണ്ട്. രണ്ടും ചെറുപ്പക്കാർ. യുവാവ് ശല്യപ്പെടുത്തുന്നതായാണ് പരാതി. ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് യുവതി പിൻമാറി. ഇതോടെ യുവാവ് ഭീഷണിയുമായെത്തി. കേസെടുത്തിട്ടുണ്ട്. സ്ത്രീകൾ സ്വമേധയാ അയച്ചുകൊടുക്കുന്ന ഫോട്ടുകളും മറ്റുമാണ് പിന്നീട് ഭീഷണിപ്പെടുത്താൻ ഉപയോഗപ്പെടുത്തുന്നത്. അങ്ങനെയാണെങ്കിലും നിയമപരിരക്ഷ സ്ത്രീക്കുണ്ടാവും. എന്നാൽ ഭയന്ന് പലരും പരാതി തരാതിരിക്കുന്നതാണ് വലിയ അപകടങ്ങളിലെത്തിക്കുന്നതെന്നും അവർ പറഞ്ഞു.

വൈകീട്ട് പെരളശ്ശേരിയിലെ എ.കെ.ജി. നഴ്‌സിങ് കോളേജിലേക്കിറങ്ങി. കേസിനല്ല ക്ലാസിന് മാത്രം. 'സ്ത്രീസുരക്ഷ'യാണ് വിഷയം. വനിതാസെല്ലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാർച്ച് മുതൽ 16500 സ്ത്രീകൾക്ക് സ്വയംപ്രതിരോധ ക്ലാസ് നൽകിയിട്ടുണ്ട്. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് സബ് ഡിവിഷനുകളിലെ ചില പോക്‌സോ, പീഡന കേസുകൾ അന്വേഷിക്കേണ്ട ഉത്തരവാദിത്വവും വനിതാസെല്ലിനുണ്ട്. സ്റ്റേഷനിൽ തിരിച്ചെത്തിയപ്പോഴുമുണ്ട് പരാതിക്കാർ. റിപ്പോർട്ട് തയ്യാറാക്കലും മറ്റുജോലികളും കഴിഞ്ഞതോടെ സമയം രാത്രിയായി.

ഇതിനിടയിൽ വീട്ടുകാര്യങ്ങളിലുമുണ്ട് ആശങ്ക. പുലർച്ചെ ഇറങ്ങിയതാണ്. നാളെ പുലർച്ചെയെ ഇനി തിരിച്ച് വീട്ടിലെത്തൂ. ഇന്ന് സബ് ഡിവിഷൻ ചെക്ക് ഡ്യൂട്ടി ഉണ്ട്. പാതിരാനടത്തം സംഘടിപ്പിക്കുന്നതിന് മുമ്പേയുണ്ട് ഈ പാതിരായാത്രയെന്ന് തമാശപറഞ്ഞ് രാത്രി 11-ന് വണ്ടിയുമായി ഇറങ്ങി. കൂട്ടിന് ഡ്രൈവറുമുണ്ട്. കണ്ണൂർ സബ് ഡിവിഷനിലെ 11 പോലീസ് സ്റ്റേഷനുകളിലുമെത്തണം. രാത്രി പട്രോളിങ് നടത്തണം, രാത്രി പട്രോളിങ് കാര്യക്ഷമമാണോയെന്ന് പരിശോധിക്കണം. ഇതിനിടിയിൽ കോട്ടുവായിടാൻ പോലും സമയമില്ല.

പുലർച്ചെ അഞ്ചിന് സ്റ്റേഷനിൽ തിരിച്ചെത്തി തീവണ്ടിയിൽ വീട്ടിലേക്ക് മടക്കം. അതിൽ കയറിക്കഴിഞ്ഞതോടെ സാധാരണ ജോലിക്കാരിയായ വീട്ടമ്മയെപ്പോലെ വീട്ടിലെത്തിയാൽ ചെയ്തുതീർക്കേണ്ട കാര്യങ്ങളോർത്ത് ജനലിൽ തലചാരി ഇരുന്നുറക്കം. ഈ തിരക്കുകൾക്കിടയിലും 'ഞാൻ അനഘ' എന്ന പേരിൽ നാടകരചന നടത്തിയിട്ടുണ്ട് നിർമല.

34 വേദികളിൽ ഇതുവരെ അവതരിപ്പിച്ചു. ഇതിനുപുറമെ സ്ത്രീസുരക്ഷ മുൻനിർത്തി രണ്ട് ഷോർട്ട് ഫിലിമുകളും നിർമിച്ചിട്ടുണ്ട്. 2013ൽ മികച്ചപ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ഇന്നവേഷൻ അവാർഡ്, 2009 ൽ മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, നിരവധി തവണ ഗുഡ് സർവീസ് എൻട്രി എന്നിവ ലഭിച്ചിട്ടുണ്ട്. കരിവെള്ളൂരിൽ ഭർത്താവ് പി.വി.ഭാസ്കരനൊപ്പമാണ് താമസം. മക്കൾ: നിതിൻരാജ്, നിഖിൽരാജ്.