കണ്ണൂർ: നടപ്പു സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽ ജില്ലയിലെ ബാങ്കുകൾ 5,895 കോടിരൂപ വായ്പ നൽകി. ജില്ലാതല ബാങ്കിങ് അവലോകന സമിതിയാണ് ഇക്കാര്യം വിലയിരുത്തിയത്. 2725 കോടി രൂപ കാർഷികവായ്പ ഉൾപ്പെടെ 4033 കോടി രൂപയും മുൻഗണനാവിഭാഗത്തിലാണ് നൽകിയത്.

ജില്ലയിലെ ബാങ്കുകളിൽ നിലവിലുള്ള മൊത്തം വായ്പ 12 ശതമാനം വാർഷിക വളർച്ചയിൽ 29,536 കോടി രൂപയിലും ബാങ്കുകളിലെ മൊത്തം നിക്ഷേപം 22 ശതമാനം വാർഷിക വളർച്ചയിൽ 45,144 കോടി രൂപയിലുമെത്തി. ജില്ലയിലെ വിവിധ ബാങ്കുകളിലെ പ്രവാസിനിക്ഷേപം 13,429 കോടി രൂപയും വായ്പാനിക്ഷേപ അനുപാതം 65 ശതമാനവുമാണ്. മുദ്രാ യോജനയിൽ 58,339 പേർക്കായി 501 കോടി രൂപ വായ്പ അനുവദിച്ചു. കളക്ടർ ടി.വി.സുഭാഷ് അധ്യക്ഷത വഹിച്ചു.

സിൻഡിക്കേറ്റ് ബാങ്ക് റീജണൽ ഓഫീസർ ഇന്ദുശ്രീ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലീഡ് ബാങ്ക് മാനേജർ ഫ്രോണി ജോൺ, റിസർവ് ബാങ്ക് ജില്ലാ ലീഡ് ഓഫീസർ പി.വി.മനോഹരൻ, നബാർഡ് ജില്ലാ ഡെവലപ്‌മെന്റ് മാനേജർ കെ.വി.മനോജ് കുമാർ, ലീഡ് ബാങ്ക് ഓഫീസർ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.