നടുവിൽ: പൈതൽ മലയിലെ പുൽമേട്ടിൽ വൻ തീപ്പിടിത്തം. 20 ഏക്കറോളം സ്ഥലം കത്തിനശിച്ചതായാണ് കണക്കാക്കുന്നത്. മലയുടെ പടിഞ്ഞാറ് ഭാഗത്ത് മഞ്ഞപ്പുല്ലിൽ നിന്നും പ്രവേശിക്കുന്ന വഴിയിൽ നിന്നും അല്പം മാറിയാണ് തീപിടിത്തമുണ്ടായത്. വനം വകുപ്പ് ജീവനക്കാർ ഏറെ പാടുപെട്ട് തീ നിയന്ത്രിച്ചു. ഇതുമൂലം വനഭാഗത്തേക്ക് പടരുന്നത് തടയാൻ കഴിഞ്ഞു. തീ പടർന്ന ഭാഗത്തെ ജൈവവൈവിധ്യത്തിന് കനത്ത നാശമുണ്ടായിട്ടുണ്ട്. മലയുടെ ഏറ്റവും കണ്ണായ സ്ഥലമാണ് ഈ ഭാഗം. സന്ദർശകർ അശ്രദ്ധമായി തീ കൈകാര്യംചെയ്തതാണ് തീ പിടിത്തത്തിനു കാരണമായതെന്ന് അധികൃതർ പറഞ്ഞു. ഏതാനും വർഷങ്ങളായി കാട്ടുതീ നിയന്ത്രിക്കാൻ വനം വകുപ്പ് കഠിനശ്രമം നടത്തിവരികയാണ്. സന്ദർശകരെ പരിശോധനനടത്തിയാണ് വനത്തിനുള്ളിലേക്ക് കടത്തി വിടുന്നത്. പ്ലാസ്റ്റിക്, മദ്യ കുപ്പി എന്നിവയും കൊണ്ടുപോകാൻ സന്ദർശകരെ അനുവദിക്കുന്നില്ല.

ഞായറാഴ്ച മുതൽ പ്രവേശനമില്ല

തീപിടിത്തത്തെ തുടർന്ന് ഞായറാഴ്ചമുതൽ പൈതൽ മലയിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കില്ലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.മുൻ വർഷങ്ങളെ അപേക്ഷിച്ച് കനത്ത ചൂടാണ് മലയിലും പരിസരത്തും അനുഭവപ്പെടുന്നത്.പുൽമേടുകൾ കരിഞ്ഞുണങ്ങി നിൽക്കുകയാണ്.ഉറവകൾ ഭൂരിഭാഗവും വരണ്ടു കഴിഞ്ഞു.ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് സന്ദർശക നിയന്ത്രണം.മഞ്ഞപ്പുല്ല്,പൊട്ടൻ പ്ലാവ്,പാത്തൻപാറ തുടങ്ങിയ സ്ഥലങ്ങൾ വഴിയാണ് ആളുകൾ എത്തുന്നത്.അവധി ദിവസങ്ങളിൽ ശരാശരി ആയിരത്തോളം പേർ പൈതൽമല സന്ദർശിക്കുന്നുണ്ട്.