പാനൂർ: കൃത്രിമ ജലപാത പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പാനൂരിൽ നടത്തിയ മാർച്ചിലും ധർണയിലും പ്രതിഷേധമിരമ്പി. കൃത്രിമജലപാതവിരുദ്ധ സമിതിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.

ജനങ്ങളുടെ ആവശ്യം പരിഗണിക്കണമെന്നും ജനങ്ങൾക്കാവശ്യമില്ലാത്ത പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും വില്ലേജ് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്ത പാനൂർ നഗരസഭാധ്യക്ഷ കെ.വി.റംല ആവശ്യപ്പെട്ടു.

സമരസമിതി ചെയർമാൻ സി.പി.മുകുന്ദൻ അധ്യക്ഷത വഹിച്ചു. കെ.വി.മനോഹരൻ, കെ.ബിജു, വി.സുരേന്ദ്രൻ, പി.കെ.ഷാഹുൽ ഹമീദ്, കെ.കെ.സുധീർകുമാർ, കെ.കുമാരൻ, രാജേഷ് കൊച്ചിയങ്ങാടി, കെ.കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ജലപാതയുടെ അലൈൻമെൻറും മറ്റുവിവരങ്ങളും രേഖാമൂലം ലഭിക്കാതെ പിരിഞ്ഞുപോകില്ലെന്ന സമരസമിതിയുടെ പ്രഖ്യാപനം അല്പസമയം ആശങ്കയുളവാക്കി. സ്ഥലത്തുണ്ടായിരുന്ന സി.ഐ. വി.വി.ബെന്നി, നേതാക്കളുടെ സാന്നിധ്യത്തിൽ തഹസിൽദാർ, ഉൾനാടൻ ജലഗതാഗത വകുപ്പ് എക്സി. എൻജിനീയർ എന്നിവരുമായി ബന്ധപ്പെട്ടു. അടുത്തദിവസം അപേക്ഷ നൽകിയാൽ മുഴുവൻ വിവരങ്ങളും നൽകുമെന്ന എക്സി. എൻജിനീയറുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.

മാഹി-വളപട്ടണം ജലപാത വികസനവുമായി ബന്ധപ്പെട്ട് 179 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ കളക്ടർക്ക് നിർദേശം നൽകിയതോടെ ജലപാതവിരുദ്ധ സമിതി പ്രക്ഷോഭം ശക്തമാക്കുകയായിരുന്നു. പാനൂർ, പന്ന്യന്നൂർ, തൃപ്രങ്ങോട്ടൂർ, പെരിങ്ങളം, തലശ്ശേരി വില്ലേജുകളിലെ സ്ഥലങ്ങളാണ് ആദ്യഘട്ടത്തിൽ എറ്റെടുക്കുന്നത്.