കണ്ണൂർ: ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും മഠങ്ങളിലും പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലും ഭക്തിസാന്ദ്രമായി വിനായകചതുർഥി ആഘോഷം. ഗണങ്ങളുടെ അധിപനും വിഘ്നങ്ങളകറ്റുന്ന ദേവനുമായ ഗണപതിഭഗവാന്റെ ജന്മദിനമാണ് വിനായകചതുർഥിയായി ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി ഗണപതി വിഗ്രഹങ്ങൾ അനുഷ്ഠാനങ്ങളോടെ പ്രതിഷ്ഠിച്ച് വിശേഷാൽപൂജകളും വഴിപാടും നടത്തി. മോദകം എന്ന മധുരപലഹാരം തയ്യാറാക്കി പ്രത്യേക പൂജ ചെയ്ത് ഗണപതിക്ക്‌ സമർപ്പിച്ചു. വരും ദിവസങ്ങളിൽ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യും. ഗണപതിവിഗ്രഹം നിമജ്ജനം ചെയ്യുന്നതോടെ വിനായകചതുർഥി ആഘോഷപരിപാടികൾക്ക് പരിസമാപ്തിയാവും.

കണ്ണൂർ ഗണേശസേവാ കേന്ദ്രത്തിന്റെ വിനായകചതുർഥി ആഘോഷങ്ങൾ തുടങ്ങി. കണ്ണൂർ പിള്ളയാർകോവിൽ കേന്ദ്രീകരിച്ചാണ് ആഘോഷം. തിങ്കളാഴ്ച ഗണപതി ആവാഹനം, ഗണപതി വിഗ്രഹം അലങ്കരിച്ചിരുത്തൽ, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പൂർണാഹൂതി, ഗണപതി സഹസ്രനാമജപം, ദീപാരാധന, അത്താഴപൂജ എന്നിവ നടന്നു. ചൊവ്വാഴ്ചയും വിവിധ പൂജകൾ നടത്തും. ഉച്ചയ്ക്ക് അന്നദാനമുണ്ടാവും.

നാലിന് രാവിലെ 6.30-ന് മഹാപൂർണാഹൂതിയും മഹാദീപാരാധനയും നടത്തും. ഉച്ചയ്ക്ക് രണ്ടിന് ഗണപതി ദീപാരാധന. വൈകുന്നേരം നാലിന് വിഗ്രഹരഥസംഗമവും രഥഘോഷയാത്രയും നടക്കും. സ്വാമി അമൃതകൃപാനന്ദപുരി ഉദ്ഘാടനം ചെയ്യും.

വിവിധ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും നേതൃത്വത്തിലുള്ള ഘോഷയാത്ര മുനീശ്വരൻകോവിൽ, റെയിൽവെ സ്റ്റേഷൻ റോഡ്, ഫോർട്ട് റോഡ്,മാർക്കറ്റ് റോഡ്, പിള്ളയാർകോവിൽ റോഡ്, എസ്.എൻ. പാർക്ക്, ഗേൾസ് ഹൈസ്കൂൾ വഴി പയ്യാമ്പലത്തെത്തും. തുടർന്ന് ഗണേശപൂജയും മഹാ ആരതിയും ചെയ്ത് ഗണേശവിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്യും. ഗണേശവിഗ്രഹ നിമജ്ജനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എ.വി. കേശവൻ സംസാരിക്കും. എൻ.ഭാസ്കരൻ അധ്യക്ഷത വഹിക്കും.

ചെറുകുന്ന്: ഇടയങ്കര കടാങ്കോട്ട് ഗണപതി മഠം പരിപാലന കമ്മിറ്റി ചതുർഥി പൂജ നടത്തി. ഗണപതിഹോമം, ഭജന, തായമ്പക, ഗണപതിപൂജ, കുടുംബസംഗമം എന്നിവ വിനായക ചതുർഥി ആഘോഷത്തിന്റെ ഭാഗമായി നടത്തി. പ്രസാദ സദ്യയും വിതരണം ചെയ്തു.

എളയാവൂർ: ഭരതക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷിച്ചു. 108 തേങ്ങകൊണ്ടുള്ള മഹാഗണപതി ഹവനം നടത്തി.

വേളം ഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി തൊഴാൻ വൻ തിരക്ക്

മയ്യിൽ: ഉത്തരകേരളത്തിലെ ഗണപതിക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട വേളം ക്ഷേത്രത്തിൽ വിനായക ചതുർഥി തൊഴാൻ വൻ തിരക്ക് അനുഭവപ്പെട്ടു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. ചതുർഥി ദിനത്തിൽ രാവിലെ ആറിന് 1008 തേങ്ങയുടെ മഹാഗണപതി ഹോമം നടത്തി. തുടർന്ന് മഹാമൃത്യുഞ്ജയ ഹോമം, നവകപൂജ, കലശാഭിഷേകം,ചതുശ്ശതം,പായസനിവേദ്യം എന്നിവയും നടത്തി. ചടങ്ങിന്റെ ഭാഗമായി ഭഗവതി സേവയും സർപ്പബലിയും നടന്നു. വേളം ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ സഹസ്രനാമപാരായണവും നാരായണീയപാരായണവും ഉണ്ടായി. ചതുർഥിദനത്തിൽ മാത്രം സമർപ്പിക്കാവുന്ന അതിവിശിഷ്ട വഴിപാടുകളായ നെയ്‍വിളക്ക്, കറുകമാല, ഒറ്റനിവേദ്യം, മോദകം എന്നിവയ്ക്കാണ് കൂടുതൽ തിരക്കനുഭവപ്പെട്ടത്.