കണ്ണൂർ: വളപട്ടണം റെയിൽവേ പാലത്തിന് സമീപമുള്ള മണലെടുപ്പ് തീവണ്ടിയാത്രയ്ക്ക് ഭീഷണി. ദൂരപരിധി പാലിക്കാതെ മണലെടുക്കുന്നത് പാലത്തിന്റെ അടിത്തട്ടിനെ ബാധിക്കുന്നതായി റിപ്പോർട്ട്. മണലെടുപ്പ് ഈരീതിയിൽ തുടർന്നാൽ തീവണ്ടികൾ സുരക്ഷയ്ക്കായി വേഗം കുറക്കേണ്ടിവരും. സതേൺ റെയിൽവേ അധികൃതർ ഈ വിഷയത്തിന്റെ ഗൗരവം സംബന്ധിച്ച് പോലീസ് മേധാവിക്ക് കത്തയച്ചിരുന്നു. അതിനുശേഷം കണ്ണൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ യോഗം നടത്തിയെങ്കിലും തീരുമാനം നടപ്പായില്ല. മണലെടുക്കേണ്ട ദൂരപരിധി 500 മീറ്ററിൽനിന്ന് 200 മീറ്ററാക്കിയാണ് പാലത്തിനടിയിൽനിന്ന് ഇപ്പോൾ മണലെടുക്കുന്നത്.

കാലപ്പഴക്കമാണ് മലബാറിലെ എട്ട്‌ പാലങ്ങളെ ദുർബലമാക്കുന്നതെങ്കിൽ വളപട്ടണം റെയിൽവേ പാലത്തിന് ഭീഷണി മണലെടുപ്പാണ്. നിലവിൽ 100 കിലോമീറ്റർ വേഗത്തിലോടുന്ന വണ്ടികൾ സുരക്ഷയ്ക്കായി 40ൽ താഴെയായി കുറക്കേണ്ടിവരും. റെയിൽവേ അണ്ടർവാട്ടർ (അടിത്തട്ട്) പരിശോധനയിലും വ്യാപകമായ മണലെടുപ്പിന്റെ അപകടം ചൂണ്ടിക്കാട്ടിയിരുന്നു. മണലെടുപ്പിന് അധികൃതർ നിശ്ചയിച്ച സമയവും ദൂരവും പാലിക്കാതെയാണ് പുഴയിൽനിന്ന് മണൽ കടത്തുന്നത്. പാലത്തിന് അപകടകരമായവിധം മണൽ ഊറ്റുന്നത് തെളിവുസഹിതം ചൂണ്ടിക്കാട്ടിയിട്ടും ചില തദ്ദേശസ്ഥാപനങ്ങൾ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. വാരുന്നതിനനുസരിച്ച് മണൽ നിറഞ്ഞില്ലെങ്കിൽ പാലത്തിന്റെ ബീമുകൾ തീവണ്ടിയാത്രയിൽ ഇളകും. ഇക്കാര്യം പോലീസും റവന്യൂ അധികൃതരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ദൂരപരിധി ലംഘിച്ച് മണലെടുപ്പ് തുടരുകയാണ്.

രേഖകളായി വീഡിയോകൾ

അനധികൃത മണൽവാരലിൽ ഏർപ്പെട്ടിരുന്ന മറുനാടൻ തൊഴിലാളികളെ വളപട്ടണം പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ആർ.പി.എഫും ചിലരെ പിടിച്ചിരുന്നു. ഇതിന്റെ വീഡിയോകളും ഉണ്ട്. എന്നാൽ ഇത് അംഗീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറല്ല. ദൂരപരിധി ലംഘിക്കാതെയാണ് മണലെടുക്കുന്നത് എന്നാണ് വാദം. പുഴയിൽപ്പോയി ഇവരെ പിടിക്കാൻ പോലീസിന് ബോട്ടുമില്ല. രാത്രി മണലെടുക്കുന്നവർ കരയിലേക്ക് വരുമ്പോൾ അറസ്റ്റുചെയ്യാനാകാത്തത് തിരിച്ചടിയാണ്. രാവിലെ ആറുമണിക്കുശേഷമാണ് പുഴയിൽനിന്ന് ഇവർ മണലുമായി വരുന്നത്. രാവിലെ ആറുമുതൽ 12 വരെ മണലെടുക്കാൻ അനുവദിച്ച സമയമായതിനാൽ പിടിക്കാനാകില്ല. മണൽമാഫിയകളുടെ കൊള്ള നിയന്ത്രിച്ചില്ലെങ്കിൽ ദിവസവും 125 തീവണ്ടികൾ ഓടുന്ന വളപട്ടണം പാലത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകും.