വളപട്ടണം: റെയിൽവേ ഗുഡ്സ്‌ ഷെഡിലെ വാഗണിലെത്തുന്ന സിമന്റ് ഇറക്കുന്നത് നിലച്ചിട്ട് ഒന്നരമാസം. ഇറക്കുമതി തൊഴിലാളികളുടെ പുതുക്കിയ കൂലി കൊടുക്കാനാവില്ലെന്ന സിമന്റ് ഡീലേഴ്സ് അസോസിയേഷന്റെ നിലപാട് കാരണമാണ് കയറ്റിറക്ക്‌ നിലച്ചത്. ഒക്ടോബർ അഞ്ചുമുതലാണ് സിമന്റ് നീക്കം തീരെ ഇല്ലാതായത്. ചാക്ക് ഒന്നിന് 5 രൂപ 5 പൈസയായിരുന്നു കൂലി. 2019 ജൂൺമുതൽ ചാക്ക് ഒന്നിന് ഒരുരൂപ അഞ്ചുപൈസ കൂട്ടി ആറ് രൂപ 10 പൈസയാക്കി. രണ്ട് വർഷത്തെ കൂലി കരാർ മേയ് 30-ന് അവസാനിച്ചിരുന്നു. അതിനുശേഷം നിരവധിതവണ സിമന്റ് ഡീലേഴ്സ് അസോസിയേഷനെയും ചുമട്ടുതൊഴിലാളി സംഘടനാ പ്രതിനിധികളെയും അസി. ലേബർ ഓഫീസർ, ഡെപ്യുട്ടി ലേബർ ഓഫീസർ എന്നിവർ മാറി മാറി ചർച്ചയ്ക്ക് വിളിച്ചിട്ടും ഡീലേഴ്സ് അസോസിയേഷൻ പങ്കെടുത്തില്ലെന്ന് ചുമട്ടുതൊഴിലാളി യൂണിയൻ നേതാവ് താവം ബാലകൃഷ്ണൻ പറഞ്ഞു.

ഒടുവിൽ ആറുരൂപ 10 പൈസ തന്നെ ജില്ലാ ഓഫീസർ തീരുമാനിച്ചു. ഇത് നൽകാനാവില്ലെന്ന് പറഞ്ഞ് ഒക്ടോബർ പകുതിമുതൽ സിമന്റിറക്ക്‌ എടക്കാട്, നീലേശ്വരം സ്റ്റേഷനുകളിലേക്ക് ഡീലർമാർ മാറ്റി. വാഗണുകൾ അവിടെ എത്തിത്തുടങ്ങി. എടക്കാട് ഇത്രയധികം കൂലി ഇല്ലെന്നാണ് സിമന്റ് വ്യാപാരികൾ പറയുന്നത്. ഒക്ടോബർ അഞ്ചുമുതൽ വളപട്ടണത്ത് സിമന്റ് കയറ്റുന്ന ലോറികൾക്കും പണിയില്ലാതായി.

ഒരുതവണ ചുരുങ്ങിയത് 42 വാഗണുകളിലായി 265 ലോഡ് ഉണ്ടാവും. ഒരു ലോറിയിൽ 200 ചാക്ക് കയറ്റാം. രാവിലെ 9മണിക്ക് ലോറിയിൽ കയറ്റാൻ തുടങ്ങിയാൽ 2 മണിക്ക് തീരും . ലോറിപ്രശ്നം കാരണം വൈകിയാൽ റെയിൽവേക്ക് ഡീലർമാർ ഡമറേജ് (വാടക) കൊടുക്കണം. ഒക്ടോബർ ആദ്യം വളപട്ടണത്ത് വന്ന വാഗണിലെ സിമന്റ് ചുമട്ടുതൊഴിലാളികൾ എടുത്തില്ല. പുതുക്കിയ കൂലി ആവശ്യം ഉന്നയിച്ചു. ഡീലർമാർ അത് നൽകാൻ തയാറായില്ല. വാഗണിന് 10 ലക്ഷം രൂപ ഡമറേജ് സിമൻറ് ഡീലർമാർ റെയിൽവേക്ക് അടക്കേണ്ടിവന്നുവെന്ന് ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ.ബാബുരാജ് പറഞ്ഞു. ഒടുവിൽ വളപട്ടണത്ത് വന്ന 32 വാഗൺ നീലേശ്വരം റെയിൽവേ യാർഡിലേക്ക് മാറ്റുകയായിരുന്നു. ഒരു ചാക്ക് കയറ്റുൽ കൂലിയുടെ 27 ശതമാനം ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിലേക്ക് ഡീലർമാർ ലെവി അടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൂലിക്കൂടുതൽ ചർച്ചചെയ്യണം

വളപട്ടണത്തെ സിമന്റ് ചുമട്ടുതൊഴിലാളികൾക്ക് ലേബർ ഓഫീസർ ഏകപക്ഷീയമായി പ്രഖ്യാപിച്ച കൂലി വർധന ചർച്ചചെയ്യണമെന്ന് സിമൻറ്‌ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മുൻവർഷത്തെ കൂലിവർധന സംബന്ധിച്ച പ്രശ്നം കോടതിയിലാണുള്ളത്. എകപക്ഷീയമായ കൂലിവർധനവ് പ്രഖ്യാപനവും തൊഴിലാളികൾക്ക് പുതുക്കിയകൂലി നൽകണമെന്ന വാദവും അംഗീകരിക്കാനാവില്ല -അസോസിയേഷൻ പ്രസിഡൻറ് കെ.കെ.ബാബുരാജ് പറഞ്ഞു.

കൂലിവർധനവ് ന്യായം

വളപട്ടണം മേഖലയിൽ 120 തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്. 2019 മേയ് 30-ന് കൂലി കരാർ തീർന്നു. നിരവധിതവണ ലേബർ വകുപ്പ് ചർച്ചയ്ക്ക് വിളിച്ചിട്ടും സിമൻറ് ഡീലർമാർ പങ്കെടുക്കാത്തത് കാരണമാണ് ലേബർ ഓഫീസർ പുതിയ കൂലിനിരക്ക് പ്രഖ്യാപിച്ചതെന്നും സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., എ.ഐ.ടി.യു.സി., എസ്.ടി.യു. എന്നീ തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു.

വളപട്ടണത്ത് 125 ലോറികൾ ഈമേഖലയിൽ ഉണ്ട്. സിമന്റിറക്ക് സ്തംഭിച്ചതുകാരണം ലോറിത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടെന്നും പ്രശ്നം അടിയന്തരമായി ഒത്തുതീർക്കണമെന്നും ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിനോടും ലേബർ വകുപ്പിനോടും കളക്ടറോടും വളപട്ടണം ലോറി ഡ്രൈവേഴ്‌സ് ആൻഡ്‌ ക്ലീനേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.രാഘവൻ അഭ്യർഥിച്ചു. തകർച്ചയെ നേരിടുന്ന മര-പ്ലൈവുഡ് വ്യവസായത്തോടൊപ്പം റെയിൽവേ സിമന്റിറക്ക്‌ കൂടി നിലച്ചത് വളപട്ടണത്തെ തൊഴിലാളികളെ കാര്യമായി ബാധിച്ചിട്ടുണ്ട്.