കേളകം : ഒരു വീട്ടിലെ ഒരാൾ മരിക്കുക. മറ്റ് അഞ്ച്‌ കുടുംബാംഗങ്ങളെ ഓരോ ദിവസമായി ആസ്പത്രിയിൽ പ്രവേശിപ്പിക്കുക. മരണത്തിന്റെയോ രോഗങ്ങളുടെയോ കാരണം വ്യക്തമാകാതിരിക്കുക. ദുരൂഹമായ സാഹചര്യങ്ങളിലൂടെയാണ് കേളകം ഇരട്ടത്തോട് ആദിവാസി കോളനിയിലെ ഒരു കുടുംബം കടന്നുപോകുന്നത്. മരണത്തിന്റെയോ, അസുഖബാധയുടെയോ പ്രാഥമിക നിഗമനങ്ങളൊന്നും പൊരുത്തപ്പെടാത്ത നില.

രണ്ടുപേർക്കൂകൂടി സമാന ലക്ഷണങ്ങൾ

ബുധനാഴ്ച മരിച്ച പുതിയവീട്ടിൽ രവിയുടെ ഭാര്യ മിനി(38)യെയും മിനിയുടെ അച്ഛൻ വേലായുധനെ(65)യും ശനിയാഴ്ച ചർദ്ദിയെയും വയറിളക്കത്തെയും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വേലായുധനെ പുലർച്ചെ 3.30-ഓടെയും മിനിയെ രാവിലെ 11-ഓടെയുമാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. കുട്ടികൾക്കും മിനിയുടെ സഹോദരൻ മഹേഷിനും കൂട്ടിരിപ്പിനായി തുടക്കംമുതൽ തന്നെ ഇവർ കണ്ണൂർ മെഡിക്കൽ കോളേജിലുണ്ടായിരുന്നു. ഇവർക്കാണ് ശനിയാഴ്ച ലക്ഷണങ്ങൾ കണ്ടത്. മിനിയുടെ സഹോദരൻ മഹേഷിനെയും (34) വ്യാഴാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

സംഭവങ്ങൾ ഇതുവരെ

ചൊവ്വാഴ്ച രാത്രി എട്ടോടെ രവിയുടെ മൂത്തമകൻ വിഷ്ണു(8)വിനെ ഛർദിയും വയറിളക്കവുമായി കേളകത്തെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

മരുന്നുകൾ നൽകി കുറവുവന്നതിനെത്തുടർന്ന് രവിയും മകനും വീട്ടിലേക്ക് തിരികെ പോകുന്നു. പോരുന്ന വഴി ഹോട്ടലിൽനിന്ന് രണ്ടു ചോറ് പാർസൽ വാങ്ങുന്നു.

രാത്രി വൈകി രവിക്കും ഛർദ്ദിയും വയറിളക്കവുമുണ്ടാകുന്നു. കുറയുമെന്ന പ്രതീക്ഷയിൽ വീട്ടുകാർ കാത്തിരിക്കുന്നു.

പുലർച്ചെയോടെ രണ്ടാമത്തെ മകൻ ജിൻസി(5)നും സമാന ലക്ഷണങ്ങൾ കാണുന്നു. മൂത്തമകനും ഛർദ്ദി വീണ്ടും തുടങ്ങുന്നു.

രാവിലെ 6.45-ഓടെ, രവി സ്ഥിരമായി ജോലിചെയ്യുന്ന വീട്ടിലെ സോണി എന്നയാൾ രവി ജോലിക്ക് വരാത്തതിനെത്തുടർന്ന് അന്വേഷിച്ചെത്തുന്നു.

അവശനിലയിലുള്ള രവിയെയും മക്കളെയും ഇയാൾ സ്വന്തം വാഹനത്തിൽ പേരാവൂർ താലൂക്കാസ്പത്രിയിൽ എത്തിക്കുന്നു.

സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് ഇവരെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു.

പോകുന്ന വഴിയിൽ ഇരിട്ടിയെത്തുന്നതിന് മുമ്പുതന്നെ രവി മരിക്കുന്നു.

രവിയെ ഇരിട്ടി താലൂക്കാസ്പത്രിയിൽ എത്തിക്കുന്നു. മക്കളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു.

ഇരിട്ടി താലൂക്കാസ്പത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മൃതദേഹ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് തന്നെ കൊണ്ടുപോകുന്നു.

ബുധനാഴ്ച കേളകം പോലീസ് രവിയുടെ അസ്വാഭാവിക മരണത്തിന് കേസെടുക്കുന്നു.

കുട്ടികളെ മെഡിക്കൽ കോളേജിലെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നു.

വൈകീട്ടോടെ രവിയുടെ മൃതദേഹപരിശോധന നടത്തുന്നു. മരണകാരണം വ്യക്തമാകാത്തതിനെത്തുടർന്ന് ആന്തരിക അവയവങ്ങളുടെയും സ്രവങ്ങളുടെയും രാസപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയയ്ക്കുന്നു.

വ്യാഴാഴ്ച വിഷ്ണുവിന് ഡയാലിസിസ് ചെയ്യുന്നു. ജിൻസും തീവ്രപരിചരണ വിഭാഗത്തിൽതന്നെ കഴിയുന്നു.

വ്യാഴാഴ്ച സമാന ലക്ഷണങ്ങളോടെ തന്നെ കുട്ടികളുടെ അമ്മാവൻ മഹേഷിനെ (34) തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നു.

വെള്ളിയാഴ്ച ഇളയ കുട്ടി ജിൻസിനും ഡയാലിസിസ് ചെയ്യുന്നു.

ശനിയാഴ്ച പുലർച്ചെ 3.30-തോടെ കുട്ടികളുടെ മുത്തച്ഛൻ വേലായുധനെ (65) ഛർദ്ദിയെയും വയറിളക്കത്തെയും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നു.

ശനിയാഴ്ച 11-ഓടെ രവിയുടെ ഭാര്യ മിനി(38)യെയും ഛർദിയും വയറിളക്കത്തെയും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നു. ശനിയാഴ്ച വൈകീട്ടും എല്ലാവരും തീവ്രപരിചരണ വിഭാഗത്തിൽതന്നെ. കുട്ടികൾ അപകടനില തരണം ചെയ്തിട്ടില്ല.

ഭക്ഷ്യവിഷബാധയുടെ സാധ്യതകൾ മങ്ങുന്നു ?

തുടക്കംമുതൽ തന്നെ ഭക്ഷ്യവിഷബാധ എന്ന നിലയിലാണ് അന്വേഷണങ്ങൾ മുന്നോട്ടുപോയിരുന്നത്. എന്നാൽ ഓരോ ദിവസവും കൂടുതൽ ആളുകളെ ആസ്പത്രിയിൽ പ്രവേശിപ്പിക്കുന്നതോടെ ഇതിന്റെ സാധ്യതകൾ കുറയുകയാണ്. ഭക്ഷ്യ വിഷബാധയുടെ സാധ്യതകൾ കുറയാനുള്ള കാരണങ്ങൾ ഇവയാണ്.

രവി വാങ്ങിക്കൊണ്ടുവന്ന പൊതിച്ചോർ ആരും കഴിച്ചിരുന്നില്ലെന്നാണ് വേലായുധന്റെ ഭാര്യ മല്ലിക പറയുന്നത്.

കുടുംബപ്രശ്നങ്ങൾ കാരണം വീട്ടിൽ എല്ലാവരും ഒരേ ഭക്ഷണമല്ല കഴിക്കുന്നതെന്ന് ബന്ധുക്കൾ പറയുന്നത്.

പേരയ്ക്കയും ഓറഞ്ചും കഴിച്ചിരുന്നെങ്കിലും കോളനിയിലുള്ള മറ്റുള്ളവരും ഇവ കഴിച്ചിരുന്നെന്ന് അയൽക്കാർ പറയുന്നത്.

ഭക്ഷ്യവിഷബാധയെങ്കിൽ ആദ്യം കുട്ടികൾക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന സാധ്യത. രവിയുടെ മൂത്തമകൾ വിസ്മയ(12)യ്ക്ക് പ്രശ്നങ്ങളില്ലാത്തത്.

കുടുംബത്തിലുള്ളവർക്ക് ദിവസങ്ങളുടെ വ്യത്യാസത്തിൽ ഛർദ്ദിയും മറ്റുലക്ഷണങ്ങളുമുണ്ടാകുന്നത്.

ഭക്ഷണത്തിലെ അണുക്കളിൽനിന്ന്‌ വിഷബാധയുണ്ടാകാനുള്ള സാധ്യതകൾ താരതമ്യേന കുറയുന്നെങ്കിലും ഭക്ഷണത്തിൽ കലർന്ന ഏതെങ്കിലും രാസപദാർഥങ്ങൾ കാരണമാവാനുള്ള സാധ്യതയുണ്ട്. കലർന്ന പദാർഥങ്ങളുടെ അളവനുസരിച്ച് ലക്ഷണങ്ങൾ കാണിക്കുന്നത് വൈകാം. ഒരേവീട്ടിൽ താമസിക്കുന്ന ആളുകൾക്ക് മാത്രം പ്രശ്നങ്ങളുണ്ടാകുന്നതിനാൽ വില്ലൻ ഭക്ഷണം തന്നെയാവാനുള്ള സാധ്യതകളാണ് ഡോക്ടർമാരും അറിയിക്കുന്നത്. വിഷക്കായകളോ മറ്റോ കഴിച്ചതാവാമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വന്നിരുന്നെങ്കിലും ഇതിനുള്ള സാധ്യതകൾ കുറവാണ്. ആസ്പത്രിയിൽ പ്രവേശിപ്പിച്ചവരുടെ ശരീരത്തിൽ വിഷാംശമെത്തിയിട്ടുണ്ടെന്നതാണ് പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടോ, മണംകൊണ്ടോ മനസ്സിലാക്കാവുന്ന വിഷാംശങ്ങളൊന്നും രവിയുടെ ശരീരത്തിൽ പ്രവേശിച്ചിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. നിലവിൽ ആസ്പത്രിയിൽ ഉള്ള എല്ലാവർക്കും രക്തത്തിൽ അസിഡോസിസ് (രക്തത്തിന്റെ പി.എച്ച്. കുറയുന്ന നില) ഉണ്ട്.

ഉത്തരം രാസപരിശോധനാ ഫലം

മരണപ്പെട്ട രവിയുടെ ആമാശയം, കുടൽ തുടങ്ങിയവയിലെ സ്രവങ്ങൾ, കരൾ, വൃക്ക തുടങ്ങിയ ആന്തരികാവയവങ്ങളുടെ പരിശോധനാഫലമാണ് മരണത്തിന്റെയും തുടർച്ചയായുണ്ടാകുന്ന അസുഖബാധയുടെയും ചുരുളഴിക്കുന്ന ഘടകം. രവിയുടെത്‌ കൂടാതെ മറ്റ്‌ അഞ്ചുപേരുടെയും സ്രവങ്ങൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ലബോറട്ടറിയിൽനിന്ന്‌ ലഭ്യമാകുന്ന റിപ്പോർട്ടായിരിക്കും കേസന്വേഷണത്തിലും മറ്റ്‌ തുടർനടപടികൾക്കും ആധാരമാകുക. എന്നാൽ രാസപരിശോധനാഫലം ലഭ്യമാകാൻ ഒരാഴ്ചയെങ്കിലും കഴിയുമെന്നത് ആശങ്കകൾക്ക് വഴിവെക്കുന്നു. സംഭവങ്ങളുടെ ഗൗരവം കണക്കിലെടുത്ത് റിപ്പോർട്ട് വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

Content Highlights: Unknown disease in Kelakam Irattathod Tribal Colony