floodകണ്ണൂർ: ജില്ലയിൽ പ്രളയമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസപ്രവർത്തനത്തിലും മികച്ച സേവനംചെയ്തവരെ ജില്ല ശനിയാഴ്ച ആദരിക്കും. വിവിധ സേനാവിഭാഗങ്ങൾ, വകുപ്പുകൾ, മത്സ്യത്തൊഴിലാളികളടക്കമുള്ള സന്നദ്ധപ്രവർത്തകരെയാണ് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിക്കുക. രാവിലെ 11.30-ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, എം.പി.മാർ, എം.എൽ.എ.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കളക്ടർ, മറ്റ്‌ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള സഹായധനവിതരണം, പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് പകരം പഠനോപകരണം വിതരണംചെയ്യുന്നതിന്റെ ഉദ്ഘാടനം എന്നിവയും മുഖ്യമന്ത്രി നിർവഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയും ചടങ്ങിൽ അദ്ദേഹം ഏറ്റുവാങ്ങും.

ശനിയാഴ്ച രാവിലെ 10-ന് താവക്കരയിലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പുതിയ കെട്ടിടം ഉദ്ഘാടനംചെയ്യും. 11-ന് കണ്ണൂർ പോലീസ് ടെലികമ്യൂണിക്കേഷൻ സബ് യൂണിറ്റിന്റെ ഉദ്ഘാടനം പോലീസ് സഭാഹാളിൽ മുഖ്യമന്ത്രി നിർവഹിക്കും.

ബിഗ് സല്യൂട്ട്

ജില്ലയിൽ പ്രളയത്തിൽ നേരിട്ട് രക്ഷാപ്രവർത്തനം നടത്തിയ സേനാ വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, വീ ആർ റെഡി, ഡൈവേഴ്‌സ് യൂനിയൻ, കയാക്കിങ് ടീം, കമ്യൂണിറ്റി റെസ്‌ക്യു ടീം എന്നിങ്ങനെയുള്ള സന്നദ്ധപ്രവർത്തകർക്കാണ് ജില്ല ശനിയാഴ്ച ബിഗ് സല്യൂട്ട് നൽകുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും നേതൃത്വംനൽകിയ വകുപ്പുകളെയും ആദരിക്കും. ജില്ലയിലെ തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ജീവനക്കാർ, വിവിധ സേനാവിഭാഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, എൻ.സി.സി., എൻ.എസ്.എസ്. ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

കളക്ടർ ടി.വി.സുഭാഷിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് മേധാവികളുടെ അലോചനായോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, എ.ഡി.എം. ഇ.പി.മേഴ്‌സി, സബ് കളക്ടർ ആസിഫ് കെ. യൂസഫ്, അഡീഷണൽ എസ്.പി. വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.