ശ്രീകണ്ഠപുരം : പയ്യാവ്വൂർ കരിമ്പക്കണ്ടി പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ കൃഷി ഓഫീസ് ജീവനക്കാരനെ രണ്ടാംദിനം നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. അതേസമയം പുഴയിൽനിന്ന് ഇദ്ദേഹത്തിന്റെ പണവും രേഖകളും ഫോണുമടങ്ങിയ ബാഗ് ബുധനാഴ്ച രാവിലെ കണ്ടെത്തി.

പയ്യാവൂർ കരിമ്പക്കണ്ടിയിലെ മല്ലിശ്ശേരി അനിലിനെ (30) ആണ് ചൊവ്വാഴ്ച രാത്രി ഏഴരയോടെ കാണാതായത്. കടയിൽനിന്ന് സാധനം വാങ്ങി വീട്ടിൽ പോകവേ കരിമ്പക്കണ്ടിയിലെ മുളകൊണ്ടുണ്ടാക്കിയ നടപ്പാലത്തിൽനിന്ന് കാൽവഴുതി പുഴയിൽ വീഴുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. കരിമ്പക്കണ്ടിയിൽ കോൺക്രീറ്റ് പാലം നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.

നിർമാണം പൂർത്തിയാകാത്ത ഭാഗത്ത് നാട്ടുകാർ ഒരുക്കിയ മുളപ്പാലം വഴിയാണ് പുഴ കടക്കുന്നത്.

പയ്യാവൂർ പോലീസും ഇരിട്ടിയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും രാത്രി വൈകുവോളം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് അനിലിനെ കാണാതായതിന്റെ ഒരുകിലോമീറ്റർ അകലേ വെമ്പുവ പാലത്തിനടുത്ത മുൾക്കാട്ടിൽ ബാഗ് കണ്ടെത്തിയത്. ബാഗ് പയ്യാവൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കയാണ്. പുഴയിൽ വെള്ളം കുറഞ്ഞിട്ടുണ്ടെങ്കിലും കലക്കും കുത്തൊഴുക്കും തിരച്ചലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, സി.ഐ. പി. ഉഷാദേവി, എസ്.ഐ. കെ.വി. നിഷിത്ത്, ഇരിട്ടി അഗ്നിരക്ഷാസേനനിലയം ഓഫീസർ കെ. രാജീവൻ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി. ബുധനാഴ്ച വൈകീട്ട് അഞ്ചുവരെയും ആളെ കണ്ടെത്താനാവാത്തതാനാൽ തിരച്ചിൽ നിർത്തി. വ്യാഴാഴ്ച രാവിലെ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ പുനരാരംഭിക്കും.