തളിപ്പറമ്പ്: ചൂടേറിയതോടെ അഗ്നിരക്ഷാസേനയെ വിഷമവൃത്തത്തിലാക്കി ’തീവിളികൾ’. ഒന്നരമാസത്തിനിടെ അൻപതോളം തീപിടിച്ചുവെന്ന വിളികളാണ് തളിപ്പറമ്പ് സ്റ്റേഷനിലെത്തിയത്. മിക്കവയും ജനവാസകേന്ദ്രമല്ലാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളിൽനിന്നായിരുന്നു. ഇതിൽ 90 ശതമാനവും ബോധപൂർവം തീയിടുന്നതാണെന്ന് അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥർ പറയുന്നു. തീപിടത്തങ്ങൾക്കുപിന്നിൽ സാമൂഹവിരുദ്ധരാണെന്ന സംശയത്തിലാണ് അഗ്നിരക്ഷാസേന. ഇവ നിയന്ത്രിക്കാൻ കർശനമായ നടപടികളും ബോധവത്കരണവും ആലോചിക്കുകയാണ് സേന.

തളിപ്പറമ്പ് അഗ്നിരക്ഷാസേനയുടെ പരിധിയിൽ തളിപ്പറമ്പ്, ശ്രീകണ്ഠപുരം, ആന്തൂർ നഗരസഭകളും പതിനാലോളം പഞ്ചായത്തുകളും ഉൾപ്പെടുന്നു. വ്യത്യസ്ത സ്ഥലങ്ങളിൽ ഒരേസമയത്ത് തീപ്പിടിത്തമുണ്ടാകുമ്പോൾ ആശങ്കയിലാവുന്നത് ജീവനക്കാരാണ്. മൂന്ന്‌ വാഹനങ്ങളാണ് നിലവിലുള്ളത്. അടിയന്തരസാഹചര്യങ്ങൾക്ക് മുൻകരുതലായി ഒരു വാഹനം മുഴുവൻസമയവും സ്റ്റേഷനിൽ നീക്കിവെക്കണം. അഗ്നിരക്ഷാസേനയുടെ കരിമ്പത്തെ കാര്യാലയത്തിൽനിന്ന് ഏറെ ദൂരെയുള്ള ആലക്കോട്, കുടിയാന്മല, പൈതൽമല, ചെമ്പേരി തുടങ്ങിയ മലയോരപ്രദേശങ്ങളിലേക്ക് എത്തിപ്പെടാൻ കഷ്ടപ്പെടുകയാണ് ജീവനക്കാർ.

ആളൊഴിഞ്ഞ ചെറിയ പറമ്പിലുണ്ടാകുന്ന തീപ്പിടിത്തത്തിനുപോലും അഗ്നിരക്ഷാസേന ഓടിയെത്തണം. വാഹനം കടന്നുപോകാത്ത സ്ഥലത്തുനിന്നുപോലും വിളികൾ വരുന്നു. കിലോമീറ്ററുകൾ യാത്രചെയ്ത് അവിടെ എത്തുമ്പോഴേക്കും തീ അണഞ്ഞിട്ടുണ്ടാകും.അല്ലെങ്കിൽ വാഹനം കയറാത്ത സ്ഥിതിയായിരിക്കും. . വെള്ളാരംപാറ, പുളിമ്പറമ്പ്, കാരക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് കൂടുതൽ വിളികളെത്തുന്നത്. വീട്ടുപറമ്പിൽ അശ്രദ്ധയോടെ പാഴ്‌വസ്തുക്കൾ കത്തിക്കുന്നതും തീപ്പിടിത്തത്തിന് കാരണമാകുന്നുണ്ട്. രാവിലെയും വൈകീട്ടും മാത്രം പാഴ്‌വസ്തുക്കൾ കത്തിക്കണമെന്ന നിർദേശം പലരും പാലിക്കുന്നില്ല.

സന്നദ്ധസേന ഒരുങ്ങുന്നു

പ്രകൃതി ദുരന്തങ്ങളിലും പ്രാദേശിക പ്രതിസന്ധികളിലും സഹായത്തിനായി തളിപ്പറമ്പ് അഗ്നിരക്ഷാസേനയുടെ കീഴിലും സമൂഹിക സന്നദ്ധ സേന ഒരുങ്ങുന്നു. 50 പേരടങ്ങുന്നതാണ് സംഘം. ഇവരുടെ സേവനം പൂർണമായും സന്നദ്ധസേവനാടിസ്ഥാനത്തിലായിരിക്കും. രക്ഷാപ്രവർത്തനങ്ങൾക്കും സമാശ്വാസപ്രവർത്തനങ്ങൾക്കുമുള്ള ചെലവുകൾ ഡയറക്ടറേറ്റിന് വകയിരുത്തുന്ന ബജറ്റ് വിഹിതത്തിൽ നിന്നായിരിക്കും. സേനയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികൾക്ക് പാഠ്യേതര പ്രവർത്തനങ്ങൾക്ക് പരിഗണിക്കുന്ന സാക്ഷ്യപത്രം നൽകും. സാമൂഹിക സേനാംഗങ്ങൾക്കുള്ള പരിശീലനം ഏപ്രിൽ ഒന്നുമുതൽ മേയ് 15 വരെ നടക്കും.