തളിപ്പറമ്പ് : പാർക്കിങ് നിയന്ത്രിക്കാൻ സ്ഥാപിച്ച ചങ്ങലകൾപോലും പൊട്ടിച്ചാണ് തളിപ്പറമ്പിൽ വാഹനങ്ങൾ നിർത്തിയിടുന്നത്. ബസ്‌സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പരിസരത്തെ പാർക്കിങ്ങാണ് വലിയ വെല്ലുവിളി. ജനങ്ങൾക്ക് നടക്കാൻ പോലുമാകാത്ത നിലയിലാണ് ഇവിടെ ഇരുചക്രവാഹനങ്ങൾ കയറ്റിയിടുന്നത്. അനധികൃത പാർക്കിങ് വ്യാപാരികൾക്കും ബുദ്ധിമുട്ടാകുന്നു.
കണ്ണൂർ ഭാഗത്തേക്കുള്ള ബസ്സുകൾ നിർത്തിയിടുന്ന ദേശീയപാതയോട് ചേർന്ന ഭാഗത്താണ് ഏറെ ദുരിതം. വിദൂരസ്ഥലങ്ങളിലേക്ക് പോകുന്ന പലരും അതിരാവിലെ തന്നെ വാഹനം ഇവിടെ നിർത്തിയിട്ടാണ് പോകുന്നത്. വാഹനങ്ങൾക്കിടയിലൂടെ ഏറെ കഷ്ടപ്പെട്ട് പോകേണ്ട സ്ഥിതിയാണ് കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ ഉൾപ്പെടെയുള്ളവർക്ക്. പാർക്കിങ് നിയന്ത്രിക്കാൻ ഇവിടെ സ്ഥാപിച്ച ചങ്ങല പൊട്ടിച്ച നിലയിലാണ്. ബസ്‌സ്റ്റാൻഡിനകത്തേക്ക് ജനങ്ങൾക്ക് പ്രവേശിക്കാനുള്ള സ്ഥലത്ത് വരെ ഇരുചക്രവാഹനങ്ങൾ കാണാം. തൊട്ടടുത്ത ഓട്ടോസ്റ്റാൻഡ് പരിസരത്തും വാഹനങ്ങൾ നിർത്തിയിടുന്നതായി പരാതിയുണ്ട്. നേരത്തേ തളിപ്പറമ്പ് നഗരസഭയും പോലീസും ചേർന്ന് നഗരത്തിൽ ഗതാഗത പരിഷ്കരണം നടപ്പാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ പലയിടത്തും തോന്നുംപോലെ വാഹനങ്ങൾ നിർത്തിയിടുന്നതായാണ് പരാതി.