തളിപ്പറമ്പ്: പൊക്കുണ്ട്-കൂനം-കൊളത്തൂർ-കണ്ണാടിപ്പാറ റോഡ് പുനരുദ്ധാരണ പ്രവൃത്തി നിലച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ കണ്ണൂർ കളക്ടറേറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. കൂനം, കൊളത്തൂർ പ്രദേശങ്ങളിൽ നിന്നും വാഹനങ്ങളിലെത്തിയാണ് കണ്ണൂർ സ്റ്റേഡിയം കോർണറിൽനിന്നും കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് കളക്ടറേറ്റിനുമുന്നിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ലത ഉദ്ഘാടനം ചെയ്തു. പി.പി.പ്രകാശൻ അധ്യക്ഷതവഹിച്ചു. കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഐ.വി.നാരായണൻ, ചെങ്ങളായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സരസ്വതി, പി.മുകുന്ദൻ, കെ.കൃഷ്ണൻ, എം.ഒ.മാധവൻ, പി.കെ.വേലായുധൻ, പി.മാധവൻ, വി.ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. 2018-ൽ പൂർത്തിയാക്കേണ്ട പ്രവൃത്തി പാതിവഴിയിലായതുകാരണം അഞ്ചോളം ബസ്സുകൾ ഈ റൂട്ടിൽ ഓട്ടം നിർത്തി. സ്കൂൾ കുട്ടികളുൾപ്പെടെ ഈ ഭാഗങ്ങളിലെ യാത്രക്കാർ ഏറെ വിഷമത്തിലാണിപ്പോൾ. കരാറുകാരനെ മാറ്റി റോഡ് നിർമാണം പൂർത്തിയാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.