തളിപ്പറമ്പ്: സംസ്ഥാനപാത വീതികൂട്ടി വിപുലീകരിക്കുമ്പോൾ കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിലെ കൊടുംവളവുൾപ്പെടെ ഏതാനും വളവുകൾ നിവരും. തളിപ്പറമ്പ് താലൂക്ക് ആസ്പത്രിക്കും ചൊറുക്കളക്കുമിടയിൽ റോഡിൽ ഏറെ വളവുകളുണ്ട്. സംസ്ഥാനപാതയിൽ റോഡ് വികസന പ്രവൃത്തികൾ കഴിഞ്ഞദിവസം ആരംഭിച്ചു.
കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് തളിപ്പറമ്പ് കപ്പാലം മുതൽ ചൊറുക്കളവരെ 7.200 കിലോമീറ്ററും കണിയാർ വയൽമുതൽ ഇരിട്ടിവരെ 22 കിലോമീറ്റളുമാണ് വീതികൂട്ടി വളവുകൾ നിവർക്കുന്നത്. ഇപ്പോൾ അഞ്ചരമീറ്റർ വീതിയിലുള്ള ടാറിങ് ഇനി ഏഴുമീറ്റർ വീതിയിലാക്കും. 35 കോടി രൂപയുടേതാണ് പദ്ധതി. ദേശീയപാത വിഭാഗമാണ് മേൽനോട്ടം വഹിക്കുന്നത്.
കരിമ്പം ഭാഗം ഒഴികെയുള്ള സ്ഥലങ്ങളിൽ റോഡിന്റെ വീതി അടയാളപ്പെടുത്തൽ പൂർത്തിയായി. കരിമ്പത്ത് ജില്ലാ കൃഷിത്തോട്ടത്തിലേതാണ് മുഴുവൻ സ്ഥലവും. 25-ൽപ്പരം വൃക്ഷങ്ങൾ മുറിച്ചുമാറ്റേണ്ടതുണ്ട്. വനംവകുപ്പ് ഇവ പരിശോധിക്കണം. കൃഷിവകുപ്പിന്റെ കൂടി അംഗീകാരം നേടേണ്ടതുണ്ട്. ജില്ലാ കൃഷിത്തോട്ടം ഭാഗത്ത് റോഡിന് കൂടുതലായി വേണ്ടിവരുന്ന സ്ഥലനിർണയം ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളാരംഭിച്ചു.
കരിമ്പംപാലത്തിനുസമീപം കലുങ്ക് പുതുക്കിപ്പണിയലും തുടങ്ങി. പ്രധാന വളവുകൾ നിവർത്തുന്നതിനൊപ്പം ഈഭാഗത്ത് റോഡ് വീതി 12 മീറ്ററായി വർധിക്കും. രണ്ടു കലുങ്കുകളാണ് പുതുക്കിപ്പണിയുക. ദേശീയപാത വിഭാഗം എൻജിനീയർമാർ ബുധനാഴ്ച രാവിലെ ജില്ലാ കൃഷിത്തോട്ടത്തിലെത്തി റോഡിലെ വളവുകൾ പരിശോധിച്ചു.