തളിപ്പറമ്പ്: മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്രയ്ക്ക് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ വൻ സ്വീകരണം. രാവിലെ പയ്യന്നൂർ പെരുമ്പയിൽനിന്നു തുടങ്ങിയ യാത്രയ്ക്ക്‌ പിലാത്തറ, കോരൻപീടിക, തളിപ്പറമ്പ്‌ എന്നിവിടങ്ങളിൽ പ്രവർത്തകർ സ്വീകരണം നൽകി.

കല്യാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയാണ്‌ പിലാത്തറയിൽ സ്വീകരണം നൽകിയത്‌. ജാഥാനായകൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഉപനായകൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എന്നിവരെ മുലപ്പൂ തൊപ്പിയണിയിച്ചും നിരവധി പോഷകസംഘടനകൾക്കു വേണ്ടി ഹാരാർപ്പണം നടത്തിയും സ്വീകരിച്ചു.

പൊതുസമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എസ്.കെ.പി.സക്കറിയ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ സമിതി ഷിബു മീരാൻ, ലീഗ് സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂർ, സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൾഖാദർ മൗലവി, ജില്ലാ പ്രസിഡന്റ് പി.കുഞ്ഞഹമ്മദ്, ജനറൽ സെക്രട്ടറി കരീം ചേലേരി, സിദ്ധിഖലി രാങ്ങാട്ടൂർ, എം.എസ്.എഫ്. ദേശീയ പ്രസിഡന്റ് ടി.പി.അഷ്റഫലി, ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഗഫൂർ മാട്ടൂൽ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.സൈനുൽ ആബിദീൻ എന്നിവർ സംസാരിച്ചു.

തളിപ്പറമ്പ് നഗരത്തിൽ സ്വീകരണം നൽകി. ചിറവക്കിൽനിന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയിൽ ദേശീയപാതവഴി നഗരംചുറ്റിയ പ്രകടനം കാക്കാത്തോട് ബസ്‌സ്റ്റാൻഡിലാണ് ചൊവ്വാഴ്ച സമാപിച്ചത്. പ്രവർത്തകരുടെ ആവേശപ്രകടനത്തിൽ മണിക്കൂറിലേറെ നഗരത്തിലെ ഗതാഗതം കുരുക്കിലായി.