തലശ്ശേരി: അച്ഛനും മകനും വിഷ്ണുമൂർത്തി തെയ്യംകെട്ടി ഭക്തർക്ക് അനുഗ്രഹം നൽകി. കതിരൂരിലെ എം.വി.ജിതേഷ് പണിക്കറും സ്കൂൾ വിദ്യാർഥിയായ മകൻ അഭിജിത്തുമാണ് വേറ്റുമ്മൽ പുതിയവീട്ടിൽ പുതുശ്ശേരി തറവാട് ഭഗവതി ക്ഷേത്രത്തിൽ വിഷ്ണുമൂർത്തി തെയ്യം കെട്ടിയത്.

ഇത്തവണ ക്ഷേത്രത്തിൽ ഉത്സവത്തിന് മൂന്ന് വിഷ്ണുമൂർത്തി തെയ്യങ്ങളാണുണ്ടായിരുന്നത്. രണ്ടെണ്ണം നേർച്ച തിറയാണ്. മമ്പറം എച്ച്.എസ്.എസ് ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അഭിജിത്ത്. അച്ഛന്റെ പാരമ്പര്യം പിൻതുടർന്ന് അഭിജിത്ത് ശനിയാഴ്ച ആദ്യമായാണ് തെയ്യം കെട്ടിയത്.