തലശ്ശേരി : എത്രനാൾ മുഖാവരണമിട്ടിങ്ങനെ കഴിയേണമെൻ സന്ധ്യേയെന്ന ചോദ്യവുമായി കോവിഡിനെ നേരിടാൻ നേതൃത്വം നൽകുന്ന ഡോക്ടറുടെ കവിത. തലശ്ശേരി ജനറൽ ആസ്പത്രി സൂപ്രണ്ട് ഡോ. പീയൂഷ് നമ്പൂതിരിപ്പാടാണ് സന്ധ്യയോട് ഇങ്ങനെ ചോദിക്കുന്നത്. അന്ധകാരത്തിലെത്ര നാൾ നാം ചുരുണ്ടു കൂടിയിരിക്കണമിങ്ങനെ, മൗനമായിരിക്കണമിങ്ങനെ. വൈദ്യതാലത്തിൽ മരുന്നുമായ് മൃതസഞ്ജീവനിയെവിടെ. ഹിമാലയസരസ്സിൽ ഒഴുകിവരും പച്ചിലക്കൂട്ടിൻ രൂപമെവിടെ....

തന്റെ പ്രണയിനിയായ സന്ധ്യയായിരിക്കുന്ന പ്രകൃതിയോടാണ് പ്രണയരൂപേണ സന്ധ്യ എന്ന കവിതയിലെ ചോദ്യമെല്ലാം. എഴുത്തുകാരനും പ്രഭാഷകനും കവിയും സംഗീതജ്ഞനുമാണ് ഡോ. പീയൂഷ് നമ്പൂതിരിപ്പാട്. പ്രവീൺ കാമ്പ്രം ആലപിച്ച കവിത യൂട്യൂബിലും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തേ നിരവധി കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. നിസ്സംഗനായ യാത്രികൻ എന്ന കവിതാസമാഹാരം കഴിഞ്ഞവർഷം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാർ കവി മധുസൂദനൻ നായർക്ക് നൽകിയാണ് അന്ന് പുസ്തകപ്രകാശനം നിർവഹിച്ചത്. പുസ്തകത്തിനിട്ട പേര് അന്വർഥമാകുകയാണ് ഇപ്പോഴത്തെ കാലവും മനുഷ്യരുമെന്ന് ഡോ. പീയൂഷ് നമ്പൂതിരിപ്പാട് പറഞ്ഞു.

കോവിഡ് ചികിത്സ തുടങ്ങിയതോടെ കോഴിക്കോട് മേപ്പയൂർ സ്വദേശിയായ ഡോക്ടർ ആറുമാസമായി തലശ്ശേരിയിലാണ് താമസം.