തലശ്ശേരി: പെട്ടിപ്പാലത്തിന് സമീപം രണ്ടുമാസം മുമ്പ് നിലച്ച പുലിമുട്ടിന്റെ നിർമാണം ഇനിയും തുടങ്ങാനായില്ല. കരിങ്കല്ലിന്റെ ക്ഷമമാണ് നിർമാണം പുനരാരംഭിക്കുന്നതിന് തടസ്സമായത്. കടലേറ്റം തടയാനാണ് പെട്ടിപ്പാലം തീരദേശകോളനിക്ക് സമീപം ജൂൺ അവസാനം പുലിമുട്ട് നിർമാണം തുടങ്ങിയത്.

കോളനിയുടെ മധ്യഭാഗത്ത് നേരത്തേയുണ്ടായിരുന്ന കടൽഭിത്തിയുടെ ഒരുഭാഗം നീക്കിയാണ് പുലിമുട്ട് നിർമിക്കാൻ മണ്ണുമാന്തിയന്ത്രം ഇറക്കിയത്. അതിനാൽ അവിടെ നിലവിൽ കടൽഭിത്തിയില്ല. കടലേറ്റത്തെ ഒരുപരിധിവരെ തടഞ്ഞിരുന്ന കടൽഭിത്തിയുടെ ഒരുഭാഗമാണ് നീക്കിയത്. ഈ ഭാഗത്തുകൂടി കോളനിയിലേക്ക് വെള്ളം കയറിയിരുന്നു. കടലേറ്റത്തിന്റെ രൂക്ഷത കുറഞ്ഞതിനാലാണ് അപകടങ്ങളൊഴിവായതെന്ന് കോളനിവാസികൾ പറഞ്ഞു.

കടലേറ്റവും കാലവർഷവുമാണ് പണിനിർത്താൻ കാരണമായി കരാറുകാരൻ നേരത്തേ അറിയിച്ചത്. ഇപ്പോഴാണ് കരിങ്കല്ലിന്റെ ക്ഷാമമാണ്‌ പണി പുനരാരംഭിക്കാൻ തടസ്സമായതെന്ന് അറിയാൻ കഴിഞ്ഞതെന്ന് കോളനിയിലെ എം.കെ.ബാബു പറഞ്ഞു. കഴിഞ്ഞവർഷം ജൂലായിൽ കടലേറ്റത്തിൽ കടൽഭിത്തിക്ക് മുകളിലൂടെ തിരമാല ഉയർന്ന് കോളനിയും കടന്ന് വെള്ളം ദേശീയപാതയിലെത്തിയിരുന്നു. ദേശീയപാതയ്ക്ക് തൊട്ടടുത്തുകൂടിയാണ് റെയിൽപ്പാളമുള്ളത്. കടലേറ്റം രൂക്ഷമായാൽ ദേശീയപാതയ്ക്ക് മാത്രമല്ല, റെയിൽപ്പാളത്തിനും ഭീഷണിയാണ്. കോളനിയിൽനിന്ന് ഏകദേശം 50 മീറ്ററിനുള്ളിലാണ് ഇവ രണ്ടും.

വഴിയിലെ തടസ്സം നീക്കണം

മാലിന്യം തള്ളിയിരുന്ന പഴയ ട്രഞ്ചിങ് ഗ്രൗണ്ടിലേക്കുള്ള വഴിയിൽ പുലിമുട്ട് നിർമാണത്തിനായി ഇറക്കിയ കുറച്ചു കരിങ്കല്ലുകളുണ്ട്. ഇതുകാരണം ട്രഞ്ചിങ് ഗ്രൗണ്ടിലേക്കുള്ള വഴി തടസ്സപ്പെട്ടു. മാലിന്യം തള്ളിയ സ്ഥലത്ത് ഇടയ്ക്ക് തീപ്പിടിത്തമുണ്ടാകാറുണ്ട്. അഗ്നിരക്ഷാസേനയെത്തിയാണ് തീയണയ്ക്കാറുള്ളത്. വഴി തടസ്സപ്പെട്ടതിനാൽ അങ്ങോട്ടേക്ക് അഗ്നിരക്ഷാസേനയുടെ വാഹനത്തിന് കടക്കാനാകില്ല.

തീയണച്ചില്ലെങ്കിൽ അത് കോളനിയിലേക്കുവരെ വ്യാപിക്കാൻ സാധ്യതയുണ്ട്. അതിനാൽ, അവിടെയുള്ള കരിങ്കല്ലുകൾ ഉടൻ മാറ്റണമെന്നാണ് കോളനിക്കാരുടെ ആവശ്യം. 60 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള പുലിമുട്ടാണ് നിർമിക്കുന്നത്. കോളനിയുടെ തെക്കേയറ്റത്തോടും മധ്യഭാഗത്തോടും ചേർന്നാണ് പുലിമുട്ട് നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്. രണ്ട് പുലിമുട്ടുകൾക്കും തലായി മീൻപിടിത്തകേന്ദ്രത്തിലെ റോഡ് നിർമാണത്തിനുമായി 2.94 കോടി രൂപയാണ് ചെലവ്.