തലശ്ശേരി: പ്രളയബാധിതർക്ക് സഹായവുമായി താലൂക്ക് അധികൃതരും സംഘടനകളും രംഗത്ത്. താലൂക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ശേഖരണകേന്ദ്രത്തിൽനിന്ന് അവശ്യസാധനങ്ങളടങ്ങിയ 700 കിറ്റുകൾ വിതരണം ചെയ്തു. വയനാട്ടിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവരിൽ ഇനിയും സഹായം ലഭിക്കാത്തവരുടെ വീടുകൾ കണ്ടെത്തി സഹായം നൽകാൻ ഡ്രീംസ് ഫൗണ്ടേഷനും രംഗത്ത്. ഫൗണ്ടേഷന്റെ ആലപ്പുഴ, തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർ സാധനസാമഗ്രികളുമായെത്തിയാണ് സാധനങ്ങൾ കയറ്റിയയച്ചത്. എസ്.ഐ. വിനുമോഹൻ സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ഫൗണ്ടേഷൻ പ്രതിനിധികളായ എം.പി.ഷക്കീല, എ.പി.നസീർ, കെ.പി.അൻവർ, അനശ്വര കോടിയേരിയും 20-ഓളം അംഗങ്ങളും പങ്കെടുത്തു. സന്നദ്ധ സംഘടനയായ പ്രോജക്ട് ഹോപ്പ് വയനാട്ടിലെ അഞ്ചുകുന്നിലേക്ക് ബുധനാഴ്ച 200-ഓളം കിറ്റുകൾ അയച്ചു. പഴയ സ്റ്റാൻഡ് കായ്യത്ത് റോഡിലെ എസ്.കെ.എസ്. ട്യൂഷൻ സെന്ററിലാണ് പ്രോജക്ട്‌ ഹോപ്പിന്റെ ശേഖരണകേന്ദ്രം പ്രവർത്തിക്കുന്നത്. നിലമ്പൂർ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളിലേക്ക് ഭക്ഷണസാധനങ്ങൾ, ശുചീകരണ സാമഗ്രികൾ, വസ്ത്രങ്ങൾ എന്നിവയടങ്ങിയ കിറ്റുകൾ ഒരുക്കുകയാണ് സംഘടനയെന്ന് നേതൃത്വം അറിയിച്ചു. സഹായം നൽകാൻ താത്‌പര്യമുള്ളവർക്ക് സംഘടനയുമായി ബന്ധപ്പെടാം. ഫോൺ: 9947132963, 8129300303.