തലശ്ശേരി: തലശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലെയും ഒട്ടേറെ റോഡുകൾ വെള്ളത്തിലായി. ഇതുകാരണം ഗതാഗതക്കുരുക്കുണ്ടാകുകയും കടകൾ അടച്ചിടുകയും ചെയ്തു. മഴ തുടങ്ങി അരമണിക്കൂറിനകം പലയിടത്തും റോഡുകളിൽ വെള്ളം നിറയാൻ തുടങ്ങി. ഒരു മണിക്കൂർ പിന്നിട്ടതോടെ റോഡുകൾ ഭാഗികമായോ പൂർണമായോ മുങ്ങി.

മുകുന്ദ് കവല-നാരങ്ങാപ്പുറം റോഡ്, ഗുഡ്‌സ്‌ഷെഡ് റോഡിൽ കുയ്യാലി ഭാഗം, ചേറ്റംകുന്നിലെ റോഡ് എന്നിവയും വെള്ളത്തിൽ മുങ്ങി. കാൽമുട്ടുവരെ വെള്ളം പൊങ്ങി. കടകൾക്കുള്ളിലേക്കും വെള്ളം കയറി. മുകുന്ദ് കവല-നാരങ്ങാപ്പുറം റോഡിൽ നാരങ്ങാപ്പുറത്തും കടകൾ പൂട്ടി. കുയ്യാലിയിലും ചില കടകൾ പൂട്ടേണ്ടി വന്നു. മാടപ്പീടികയിലും വെള്ളം കയറിയതിനാൽ കടകളടച്ചു. പലയിടത്തും ഉടമകൾ വന്നെങ്കിലും കടകൾ തുറക്കാനാകാതെ തിരിച്ചുപോകേണ്ടി വന്നു. സാധനങ്ങൾ വെള്ളത്തിൽ കുതിർന്ന് വലിയ നാശനഷ്ടമുണ്ടായതായി പരാതിയുണ്ട്. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ടാക്സി സ്റ്റാൻഡിലും സദാനന്ദപൈ പെട്രോൾ പമ്പിന് മുന്നിലെ റോഡിലും കാൽമുട്ടിന് മുകളിൽ വെള്ളം കയറി. സമീപത്തെ ആസ്പത്രിയിൽ പോകുന്നവർ ബുദ്ധിമുട്ടിലായി. മാടപ്പീടക റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ചില കടകൾ പൂട്ടി.

ദേശീയപാതയിലും വെള്ളം

ദേശീയപാതയിൽ കോണോർവയൽ റോഡ് വെള്ളത്തിൽ മുങ്ങി. ഇതുകാരണം ഇവിടെ ഗതാഗതക്കുരുക്കുമുണ്ടായി. ദേശീയപാതയിൽ നിന്ന് കെ.എസ്.ആർ.ടി.സി.ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന റോഡിലും വെള്ളം കയറി. ഒ.വി.റോഡ് നവീകരണത്തിന്റെ ഭാഗമായി കൊടുവള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഗുഡ്‌സ്‌ഷെഡ് റോഡ്-കുയ്യാലി വഴിയാണ് വീനസ് കോർണറിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുന്നത്. കുയ്യാലിയിൽ റോഡ് വെള്ളത്തിലായതിനാൽ ഇരുചക്രവാഹന,കാർ യാത്രക്കാർ എറെ ബുദ്ധിമുട്ടിലായി. കാൽമുട്ടുവരെ വെള്ളം ഉയർന്നതിനാൽ ഇരുചക്രവാഹനങ്ങൾ മറിഞ്ഞുവീഴുന്ന സ്ഥിതിയുണ്ടായി.

മൂന്നുവർഷമായി കനത്ത മഴയിൽ കുയ്യാലിയിൽ ഇതാണ് സ്ഥിതി. ഓവുചാലുകളും റോഡും നവീകരിച്ചെങ്കിലും മുകുന്ദ് കവല-നാരങ്ങാപ്പുറം റോഡ് കനത്ത മഴയിൽ വെള്ളത്തിലാകുന്നതിന് മാറ്റമില്ല. ഓടയിൽ നിന്ന് യഥാസമയം മാലിന്യവും മണ്ണും നീക്കം ചെയ്യാത്തതിനാലാണ് റോഡിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണമെന്നാണ് പരാതി. കൊളശ്ശേരി വാവാച്ചിമുക്ക്,മഠത്തുംഭാഗം എന്നിവിടങ്ങളിലും വെള്ളം കയറി.