ധർമടം: ഗവ. ബ്രണ്ണൻ കോളേജിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ് ) നിർമിക്കുന്ന സിന്തറ്റിക് ട്രാക്കിന്റെ പ്രവൃത്തിയുടെ പുരോഗതി ഉദ്യോഗസ്ഥസംഘവും ജനപ്രതിനിധികളും പരിശോധിച്ചു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്കർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇൻഡ്യ റീജണൽ ഡയറക്ടർ ഡോ. ജി.കിഷോർ, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എൻജിനീയർ ശ്യാംലാൽ, ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. മുരളീധരൻ നായർ, ധർമടം പഞ്ചായത്ത് പ്രസിഡന്റ് സി.പി.ബേബിസരോജ, വൈസ് പ്രസിഡന്റ് പൊലപ്പാടി രമേശൻ, വാർഡ് അംഗം ദിവ്യ ചെള്ളത്ത്, സായി ഡെപ്യൂട്ടി ഡയറക്ടർ പ്രംജിത്ത് ലാൽ, കരാറെടുത്ത കമ്പനിയായ ശിവനരേഷ് സ്പോർട്സിന്റെ പ്രോജക്ട് ഡയറക്ടർ രാജൻ, മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിനിധി കെ.പ്രദീപൻ, കായിക വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ. കെ.പി.പ്രശോഭിത്ത്, പ്രൊഫ. ജിനോ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
400 മീറ്ററിൽ എട്ട് ലൈൻ സിന്തറ്റിക് ട്രാക്, ഇൻഡോർ ഹാൾ, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ കോർട്ട്, ജിംനേഷ്യം എന്നിവയും ഹോസ്റ്റലും ഉൾപ്പെടുന്ന പദ്ധതിയാണ് ബ്രണ്ണനിൽ നടപ്പാക്കുന്നത്. എട്ടുകോടി രൂപയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സിന്തറ്റിക് ട്രാക്ക് ഘടിപ്പിക്കുന്നതിനുള്ള ബിറ്റുമിൻ കോൺക്രീറ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. ഫുട്ബോൾ ഗ്രൗണ്ടിൽ പുല്ലുപിടിപ്പിക്കാനുള്ള പ്രവൃത്തി പൂർത്തിയായി. സിന്തറ്റിക് ട്രാക്കും ഫുട്ബോൾ സ്റ്റേഡിയവും ഫ്രെബ്രുവരിയോടെ പ്രവർത്തനസജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു.