കണ്ണൂർ: തുന്നിച്ചേർത്ത ചുണ്ടുകൾ മറച്ച് സൂര്യ മുറ്റത്തുണ്ടായിരുന്നു. ഊഞ്ഞാലിലിരുന്ന് ആടുന്നതിനിടെ അവൻ വീട് ചൂണ്ടികാട്ടിത്തന്നു. ഉയരാനാവാതെ പാതിയിൽ നിന്നുപോയ ചുമരുകൾ. അതാണവന്റെ വീട്. വാതിലുകളും ജനലുകളുമില്ല. കതകിന് പകരം കറുത്ത തുണി കെട്ടിവെച്ചിട്ടുണ്ട്. മേൽക്കൂര പാതിമാത്രം. തെരുവുനായ ചുണ്ടുകൾ കടിച്ചെടുത്ത ഒമ്പതുവയസ്സുകാരൻ സൂര്യയടക്കമുള്ള ആറംഗകുടുംബം തിലാന്നൂരിലെ ഈ വീട്ടിലാണ് താമസം.

രണ്ടുവർഷങ്ങൾക്ക് മുമ്പ് അച്ഛൻ സുനിൽകുമാർ മരിച്ചു. ജോലിയില്ലാത്ത അമ്മ മഞ്ഞാംവളപ്പിൽ ഉഷയ്ക്കാവട്ടെ വിധവാപെൻഷൻ പോലും ഇതുവരെ ലഭിച്ചിട്ടില്ല. ആറുമക്കളിൽ ഒരു പെൺകൂട്ടി വിവാഹം കഴിച്ച് ഭർതൃവീട്ടിലാണ് താമസം. രണ്ട് ആൺമക്കൾക്ക് വല്ലപ്പോഴും കിട്ടുന്ന പെയിന്റിങ് ജോലിയാണ് ഈ വീടിന്റെ ഏക ആശ്രയം.

മൂന്ന് വിദ്യാർഥികളെ പഠിപ്പിക്കാനും വീട്ടുചെലവിനുമെല്ലാമുള്ള തുക ഇതിൽനിന്ന് കണ്ടെത്തണം. ഇതിനിടെയാണ് ജനുവരി 14-ന് വീട്ടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന സൂര്യയെ തെരുവുനായ കടിച്ചത്. കുട്ടിയുടെ ചുണ്ടുകൾ മുഴുവനായി തെരുവുനായ കടിച്ചെടുത്തു.

അന്ന് ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടിയെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇപ്പോഴും ചികിത്സ തുടരുന്നുണ്ട്. ചുണ്ടുകൾ പൂർണമായും പൂർവസ്ഥിതിയിലേക്ക് എത്തിയിട്ടില്ല. ഇതിനായി പ്ലാസ്റ്റിക് സർജറി നടത്തേണ്ടിവരും. ചുണ്ടുകൾ മറച്ചാണ് ഇപ്പോഴും സൂര്യ സ്‌കൂളിലും പുറത്തുമെല്ലാം പോകുന്നത്.

വീടിന് കെട്ടിട നമ്പറും വൈദ്യുതിയും ഇതുവരെ ലഭിച്ചിട്ടില്ല. ഈ ദുരിതങ്ങൾക്കിടയിലും ഇവർക്ക് ബി.പി.എൽ. റേഷൻ കാർഡ് അല്ല ലഭിച്ചിട്ടുള്ളത്. സമ്പന്നർക്കായുള്ള എ.പി.എൽ. കാർഡ് ഉടമകളാണ് ഉഷയും കുടുംബവും. ഇതുവരെ ഒരു സർക്കാർ സഹായവും ഈ കുടുംബത്തിനെ തേടിയെത്തിയിട്ടില്ല.

ഉഷയുടെയും കുടുംബത്തിന്റെയും പ്രയാസങ്ങൾ ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടതെന്നും ഇവർക്കായി സഹായം ലഭ്യമാക്കാൻ അടുത്തമാസം യോഗം വിളിക്കുന്നുണ്ടെന്നും കൗൺസിലർ എം.പി.ഭാസ്‌കരൻ പറഞ്ഞു.

Content Highlights: Story of Surya young boy attacked by a street dog