മാങ്ങാട്ടുപറമ്പ് (കണ്ണൂർ): സംസ്ഥാന മാസ്റ്റേഴ്സ് കായികമേളയിൽ കണ്ണൂർ ഓവറോൾ ചാമ്പ്യന്മാരായി. കഴിഞ്ഞവർഷം നഷ്ടപ്പെട്ട കിരീടമാണ് വലിയ പോയിന്റ് വ്യത്യാസത്തിൽ തിരിച്ചുപിടിച്ചത്. മുൻവർഷത്തെ ജേതാക്കളായ എറണാകുളം രണ്ടാം സ്ഥാനം നേടി.

കണ്ണൂരിന് 81 സ്വർണം ഉൾപ്പെടെ 667 പോയിന്റ് ലഭിച്ചു. എറണാകുളം 46 സ്വർണം ഉൾപ്പെടെ 370 പോയിന്റ് നേടി. 29 സ്വർണം ഉൾപ്പെടെ 237 പോയിന്റ് നേടി തൃശ്ശൂർ മൂന്നാം സ്ഥാനത്തെത്തി.

പുരുഷ-വനിതാ വിഭാഗങ്ങളിലും കണ്ണൂരാണ് ജേതാക്കൾ. പുരുഷവിഭാഗത്തിൽ 385, വനിതാവിഭാഗത്തിൽ 282 എന്നിങ്ങനെ കണ്ണൂർ പോയിന്റ് നേടിയപ്പോൾ ഇരുവിഭാഗത്തിലും എറണാകുളംതന്നെയാണ് രണ്ടാം സ്ഥാനത്ത്. പുരുഷവിഭാഗത്തിൽ 209, വനിതാവിഭാഗത്തിൽ 161 എന്നിങ്ങനെ പോയിന്റ് അവർ നേടി.

സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നും 35 മുതൽ 91 വയസ്സുവരെയുള്ള 818 പേരാണ് 280 ഇനങ്ങളിൽ മത്സരിച്ചത്. ജേതാക്കൾ ഫെബ്രുവരി ഏഴുമുതൽ 11 വരെ ഹരിയാനയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും.

സമാപനപരിപാടി അഡ്വ. കെ.വിജയകുമാർ ഉദ്ഘാടനംചെയ്തു. കെ.എ.പി. അസി. കമാൻഡന്റ് എ.ശ്രീനിവാസൻ സമ്മാനങ്ങളും ട്രോഫികളും വിതരണംചെയ്തു. കെ.ശങ്കരപ്പിള്ള അധ്യക്ഷതവഹിച്ചു. രാജൻ ജോസഫ്, അഡ്വ. പി.പ്രഭാകരൻ എന്നിവർ സംസാരിച്ചു.

91-ലും കളംനിറഞ്ഞ് ലോക ചാമ്പ്യൻ ജോൺ

കായികരംഗത്ത് 90 കഴിഞ്ഞിട്ടും മത്സരവീര്യം കുറയില്ലെന്ന് തെളിയിച്ച് 91-കാരനായ പി.എസ്.ജോൺ. ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യനായ ജോൺ ഇക്കുറിയും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് 100 മീറ്റർ, 200 മീറ്റർ, ലോങ്ജമ്പ് എന്നീയിനങ്ങളിൽ സ്വർണംനേടി. 100 മീറ്റിൽ 21.5 സെക്കൻഡ്‌ സമയത്തിൽ ഫിനിഷ് ചെയ്തപ്പോൾ 200 മീറ്ററിൽ ഫിനിഷ് ചെയ്യാൻ 54.75 സെക്കൻഡ്‌ എടുത്തു. ലോങ് ജമ്പിൽ 2.57 മീറ്റർ ചാടിയാണ് സ്വർണംനേടിയത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോൺ മുൻ ഹൈസ്കൂൾ അധ്യാപകനാണ്.

2015-ൽ സിഡ്നിയിൽ നടന്ന ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 85 പ്ലസ് വിഭാഗത്തിൽ 80 മീറ്ററിലും 200 മീറ്റർ ഹർഡിൽസിലും സ്വർണംനേടി. 2010-ൽ കോലാലമ്പൂരിൽ നടന്ന ഏഷ്യൻ മീറ്റിൽ 80 മീറ്റർ ഹർഡിൽസിൽ പുതിയ മീറ്റ് റെക്കോർഡും സ്ഥാപിച്ചു. 2016-ൽ സിങ്കപ്പൂരിൽ നടന്ന ഏഷ്യൻ മീറ്റിൽ മികച്ച മാസ്റ്റേഴ്‌സ് കായികതാരമായും തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ ന്യൂഡൽഹിയിൽ നടന്ന ഫിറ്റ് ഇന്ത്യാ മൂവ്മെന്റിൽ 80 വയസ്സ് കഴിഞ്ഞ മികച്ച കായികതാരം എന്നനിലയിൽ ഐക്കണായി പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് ആദരവും ഏറ്റുവാങ്ങിയിരുന്നു.

അമ്മയും മകളും മറ്റുരച്ചു; അമ്മയ്ക്ക് മൂന്ന് സ്വർണം മകൾക്ക് വെള്ളി

സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ധർമശാലയിലെ അമ്മയും മകളും മാറ്റുരച്ചു. അമ്മ പി.ലീല 65 പ്ലസ് വിഭാഗത്തിൽ ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ സ്വർണംനേടി.

40 പ്ലസ് വിഭാഗത്തിൽ പങ്കെടുത്ത മകൾ ശ്രീലത 400 മീറ്ററിൽ വെള്ളി നേടി. ഇരുവരും ആദ്യമായാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ലീല കർഷകത്തൊഴിലാളിയാണ്.

content Highlights; state masters sports meet, kannur champions