കണ്ണൂർ : ഫാഷൻ ഡിസൈനിങ് ഉപേക്ഷിച്ച് ഇന്റീരിയർ ഡിസൈനിങ് രംഗത്തേക്ക്‌ കടന്നപ്പോൾ ലതികാ നമ്പ്യാരുടെ മനസ്സിൽ ഉടലെടുത്ത ആശയമായിരുന്നു കണ്ണൂരിന്റെ ഗൃഹാലങ്കാര തുണിത്തരങ്ങളുടെ മഹിമ ലോകത്താകെയെത്തിക്കണമെന്ന്. ജർമനിയിൽ നടന്ന അന്താരാഷ്ട്ര വസ്ത്രമേളയിൽ, സഹോദരനും ഗൃഹാലങ്കാര തുണിത്തരങ്ങളുടെ കയറ്റുമതി രംഗത്തെ മുൻനിര സ്ഥാപനമായ ‘ശബരി ഇന്റർനാഷണലി’ന്റെ ഉടമയുമായ ശബരിദാസിന്റെ കണ്ണൂരിൽനിന്നുള്ള വസ്ത്രസ്റ്റാൾ രൂപകല്പന ചെയ്തതോടെ അന്താരാഷ്ട വസ്ത്രക്കയറ്റുമതിക്കാരുടെ പ്രശംസ ലതികയ്ക്ക് ലഭിച്ചു. പിന്നീട് ബെംഗളൂരുവിൽ ‘ഇന്റീരിയർ ഡിസൈനേഴ്‌സ് ആൻഡ്‌ ആർക്കിടെക്ട്’ (ഈവ) എന്ന സ്ഥാപനമാരംഭിച്ചു. ആദ്യം സുഹൃത്തുക്കളുടെ വീടുകളുടെയും സ്ഥാപനങ്ങളുടെയും അകത്തളങ്ങൾ രൂപകല്പന ചെയ്തതോടെ വലിയ സ്ഥാപനങ്ങൾ ചെയ്യാൻ അവസരം കിട്ടി. പ്രമുഖ ജർമൻ കമ്പനി ഈ രംഗത്തെ മികച്ച ഒൻപത് കമ്പനികളിൽ ഒന്നായി ‘ഈവ’യെ തിരഞ്ഞെടുത്തതോടെ പല വിദേശരാജ്യങ്ങളിലും അവസരങ്ങൾ തുറന്നുകിട്ടി.

വാതിലുകളുടെയും ജനാലകളുടെയും കർട്ടനുകൾ, കസേരകളിലും സോഫകളിലും ഉപയോഗിക്കുന്ന കുഷ്യനുകൾ, ചവിട്ടികൾ, അടുക്കളയിൽ ഉപയോഗിക്കുന്ന മാറ്റുകൾ എന്നിവ കൈത്തറിത്തുണി ഉപയോഗിച്ചാണ് ചെയ്യുന്നതെന്ന് ലതിക പറഞ്ഞു. കണ്ണൂരിൽനിന്നുള്ള കൈത്തറി വസ്ത്രങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ നല്ല പ്രിയമുണ്ട്.

ആഡംബര കാറായ ലംബോർഗിനിയുടെ ബെംഗളൂരു വിത്തൽ മല്യ റോഡിലെ ഷോറൂമും ശബ്ദസംവിധാനങ്ങളുടെ നിർമാതാക്കളായ ജെ.ബി.എൽ. കമ്പനിയുടെ ഡൽഹി, മുംബൈ, ബെംഗളൂരു ഷോറൂമുകളും രൂപകല്പന ചെയ്തത് ലതികയാണ്.

ഈ രംഗത്ത് തുടരാൻ കുടുംബത്തിന്റെ പാരമ്പര്യവും തനിക്ക് ഊർജം നൽകുന്നുവെന്ന് ഇവർ പറഞ്ഞു. ഈ നാട്ടിലെ സാധാരണക്കാരായ തൊഴിലാളികൾ നെയ്തെടുത്ത ഒരുകോടിയോളം മീറ്റർ തുണി വില്പന നടത്തിയതിൽ അച്ഛൻ അഭിമാനിക്കുന്നത് കണ്ടിട്ടുണ്ട്. ആദ്യകാല സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനും കൈത്തറിവസ്ത്ര കയറ്റുമതിക്കാരിൽ പ്രമുഖനുമായ പി.വി.കെ. നമ്പ്യാരുടെയും സാമൂഹികപ്രവർത്തക ഗൗരി നമ്പ്യാരുടെയും ഇളയ മകളാണ് ലതിക.

മറ്റൊരു സഹോദരൻ ദേവദാസ് തിരുപ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘എക്സ്പോനെറ്റ് ഇന്റർനാഷണൽ’ എന്ന വസ്ത്രക്കയറ്റുമതി സ്ഥാപനത്തിന്റെ ഉടമയാണ്. ലതികയുടെ മകൾ തൃഷ ഇംഗ്ലണ്ടിൽ വിദ്യാർഥിനിയാണ്.

Content Highlights: Special Story About Lathika