മാലൂർ: ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയിൽനിന്ന് ജസീറ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇടുമ്പ പള്ളിക്കടുത്ത്‌ ബൈത്തുസഫ മൻസിലിലെ മര്യാടൻ അസ്കറുടെ വീട്ടിലാണ് സംഭവം നടന്നത്. അസ്കറുടെ ഉമ്മയുടെ അനുജത്തിയുടെ മകൻ മര്യാടൻ അഫ്സൽ കൂത്തുപറമ്പിൽ ഫാൻസി കടയിൽ ജീവനക്കാരനാണ്. ജോലികഴിഞ്ഞ് രാത്രിയോടെ വീട്ടിലെത്തിയ അഫ്സൽ ധരിച്ചിരുന്ന ഷൂ വീട്ടിലെ ഇറയത്ത് അഴിച്ചുവെച്ചു.

രാവിലെ അഫ്സലിന്റെ ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ മകൾ ജസീറ അലക്കുന്നതിനിടെ അഫ്സലിന്റെ സോക്സും അലക്കാനെടുക്കുമ്പോൾ ഷൂസിനുള്ളിൽനിന്ന് പാമ്പിന്റെ തല ജസീറയുടെ കൈക്കുനേരെ വന്നു. ഭയന്നുവിറച്ച ജസീറയുടെ കരച്ചിൽ കേട്ട് വീട്ടിലുള്ളവരും അയൽക്കാരും എത്തി. ഷൂ മുറ്റത്തേക്കിട്ട്‌ നോക്കിയപ്പോൾ ഉഗ്രവിഷമുള്ള പാമ്പ്. പാമ്പിന്റെ നിറംതന്നെ സാധാരണ കാണുന്ന പാമ്പുകളിൽനിന്ന് വ്യത്യസ്തം. പാമ്പിനെ എല്ലാവരുംകൂടി വനത്തിൽ വിട്ടു. അണലി വർഗത്തിൽപ്പെട്ടതാണ് പാമ്പെന്നാണ് വിഷവൈദ്യൻ പറഞ്ഞത്.