ശ്രീകണ്ഠപുരം : നഗരമധ്യത്തിലുള്ള നഗരസഭാ കാര്യാലയത്തിലെ ജീവനക്കാരന് കോവിഡ് ബാധിച്ചതോടെ ശ്രീകണ്ഠപുരം ആശങ്കയിൽ. ചെയർമാൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നഗരസഭാ സമുച്ചയത്തിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരും നീരീക്ഷണത്തിലാണ്
ബസ്‌സ്റ്റാൻഡ് പരിസരത്താണ് നഗരസഭാ കാര്യാലയം. ഇതോടെയാണ് ബസ്‌സ്റ്റാൻഡ് പരിസരം ഉൾപ്പെടെ നഗരത്തിലെ കടകളും സ്ഥാപനങ്ങളും അടച്ചിടേണ്ടിവന്നത്. രോഗബാധിതൻ താമസിച്ചിരുന്ന വാടകക്കെട്ടിടം കോട്ടൂരിലായതിനാൽ അതിനടുത്ത പ്രദേശത്തെയും കടകളും സ്ഥാപനങ്ങളും ബാറും അടച്ചു.
ഇതര ജില്ലയിൽനിന്നെത്തിയ ജീവനക്കാരന്റെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. നഗരസഭാ കാര്യാലയമായതിനാൽ സമ്പർക്കമുള്ളവരുടെ പട്ടിക തയ്യാറാക്കുന്നതും പ്രയാസകരമാണ്. ഈ മാസം 22 മുതൽ 28 വരെ നഗരസഭാ ഓഫീസുമായി ബന്ധപ്പെട്ടവരോട് ആരോഗ്യവകുപ്പധികൃതരെ ബന്ധപ്പെടാനാണ് നിർദേശം നൽകിയിട്ടുള്ളത്.