kannur
ബിബിൻ പി. വിജയ്

ശ്രീകണ്ഠപുരം: മദ്യം വിൽക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഓടിപ്പോയയാൾ അറസ്റ്റിൽ. നെടിയേങ്ങ ചെമ്പന്തൊട്ടി പടപ്പകരിയിൽ ബിബിൻ പി. വിജയ്‌യെ ആണ് ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച്‌ ഉദ്യോഗസ്ഥർ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. സ്ട്രൈക്കിങ് ഡ്യൂട്ടിയുടെ ഭാഗമായി 24-ന് എക്സൈസ് ശ്രീകണ്ഠപുരം റേഞ്ച് ഉദ്യോഗസ്ഥർ ചെമ്പന്തൊട്ടി ടൗണിന് സമീപം പരിശോധനനടത്തുന്നതിനിടെയാണ് ബൈക്കിൽവെച്ച് മദ്യം വിൽക്കുന്ന ബിബിനെ കണ്ടത്. ഉടൻതന്നെ ഇയാൾ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ബൈക്കും ശേഷിക്കുന്ന മദ്യവും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

20 ലിറ്റർ വരുന്ന 40 കുപ്പി വിദേശമദ്യവും ബൈക്കും അന്നുതന്നെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബിബിനെ ചെമ്പന്തൊട്ടിയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർമാരായ പി.സി.വാസുദേവൻ, കെ.സന്തോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉല്ലാസ് ജോസ്, എം.രമേശൻ, എം.ഗോവിന്ദൻ, ഡ്രൈവർ ടി.എം.കേശവൻ എന്നിവരാണ് ബിബിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.