ശ്രീകണ്ഠപുരം: "എല്ലാവർക്കും അവരവരുടെ മക്കളെ ഡോക്ടറും എൻജിനീയറുമാക്കണം...ഡോക്ടറാവണമെങ്കിൽ വലിയ ആസ്പത്രികൾ വരണം. രോഗികൾ ഉണ്ടാവണം. കുട്ടികൾ കളിച്ചുവളർന്നാൽ രോഗികളുണ്ടാവില്ലല്ലോ..." രക്ഷാധികാരി ബൈജു എന്ന സിനിമയിൽ ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംഭാഷണമാണിത്. അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിനും ആസ്പത്രിക്കുമായി ഊരത്തൂരിലെ കളിസ്ഥലം ഏറ്റെടുക്കാനൊരുങ്ങുമ്പോൾ ഇവിടെത്തെ കായികപ്രേമികളും നാട്ടുകാരും അധികൃതരോട് ഒരേസ്വരത്തിൽ പറയുന്നതും ഇതേ വാക്കുകളാണ് - ‘കുട്ടികൾ കളിച്ചുവളരട്ടെ സാർ...’

ഊരത്തൂരിലെ സന്തോഷ് റിക്രിയേഷൻ ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കറോളം വരുന്ന സ്ഥലമാണ് കല്യാട് പറമ്പിൽ നിർമിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിനായി ഏറ്റെടുക്കാനൊരുങ്ങുന്നത്. 300 കോടി രൂപ ചെലവിൽ 311 ഏക്കറിലാണ് ഗവേഷണകേന്ദ്രം വരുന്നത്. ഇതിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഒരുഭാഗത്തെ അതിർത്തിയോട് ചേർന്നാണ് സന്തോഷ് ക്ലബ്ബിന്റെ മൈതാനമുള്ളത്. മൈതാനത്തോടുചേർന്ന് പടിയൂർ പഞ്ചായത്ത് ശ്മശാനവുമുണ്ട്. അതുകൊണ്ടുതന്നെ ഈ സ്ഥലങ്ങൾ ഒഴിവാക്കിയാലും ഗവേഷണകേന്ദ്ര നിർമാണത്തെ കാര്യമായി ബാധിക്കില്ലെന്നാണ് ക്ലബ്ബ് പറയുന്നത്. ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിനായി കളിസ്ഥലം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ക്ലബ്ബ്‌ ഭാരവാഹികൾ കായികമന്ത്രി ഇ.പി.ജയരാജന് നിവേദനം നൽകിയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.മോഹനൻ, ക്ലബ്ബ്‌ പ്രസിഡന്റ് എ.അനിൽകുമാർ, വി.നാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദം നൽകിയത്.

1968-ലാണ് ഊരത്തൂരിൽ സന്തോഷ് റിക്രിയേഷൻ ക്ലബ്ബ്‌ രൂപവത്കരിക്കുന്നത്. അന്ന് ക്ലബ്ബിന് ലഭിച്ചതാണ് സ്ഥലം. സ്ഥലം നിരത്തി ഫുട്ബോൾമൈതാനമാക്കി മാറ്റി. വർഷങ്ങളായി ഫുട്ബോൾ ടൂർണമെന്റുകളും പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ കായികമേളകളും ഈ ഗ്രൗണ്ടിൽ നടത്താറുണ്ട്. പല ദേശീയതാരങ്ങളും ഈ മൈതാനത്ത് പന്ത് തട്ടിയിട്ടുണ്ട്. പി.എസ്.സി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട കല്യാട്, ഊരത്തൂർ, ആലത്തുപറമ്പ് മേഖലകളിലുള്ളവർ കായികക്ഷമതാ പരീക്ഷകൾ വിജയിക്കാനായി പരിശീലിക്കുന്നത് ഈ ഗ്രൗണ്ടിലാണ്. നാട്ടുകാർ രാവിലെ വ്യായാമത്തിനായും ഈ മൈതാനത്തെത്താറുണ്ട്.