ശ്രീകണ്ഠപുരം: ലക്ഷങ്ങൾ മുടക്കി തുടങ്ങിയ മത്സ്യക്കൃഷി പൂർണമായും നശിച്ചതിന്റെ ദുഃഖത്തിലാണ് പൊടിക്കളം കൈതപ്രത്തെ പാലയാടത്ത് രവീന്ദ്രൻ. വീടിനുസമീപത്തെ പറമ്പിൽ ഏഴുലക്ഷം രൂപയിലധികം മുതൽമുടക്കി കഴിഞ്ഞവർഷം ഡിസംബറിലാണ് മീൻവളർത്തൽ തുടങ്ങിയത്.

തിലോപ്പിയ ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ വളർത്തിയാണ് രവീന്ദ്രൻ മത്സ്യക്കൃഷി തുടങ്ങിയത്. ഒരുതവണ വിളവെടുപ്പ് നടത്തിയിരുന്നു. എന്നാൽ, രണ്ടാംഘട്ടത്തിലേക്കായി കുളത്തിൽ നിക്ഷേപിച്ച 28,000 മത്സ്യക്കുഞ്ഞുങ്ങളും വെള്ളപ്പൊക്കത്തിൽ നശിച്ചു.

കൂടാതെ കുളത്തിനരികിലുണ്ടായിരുന്ന രണ്ട് മോട്ടോറുകളും എയർ പമ്പുകളുമുൾപ്പെടെ ആറുലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണുണ്ടായത്. ശുദ്ധമായ മത്സ്യങ്ങളെ ജനങ്ങൾക്കായി നൽകുക എന്ന ലക്ഷ്യത്തോടെ ‘റാസ്’ സംവിധാനത്തിലാണ് രവീന്ദ്രൻ കൃഷിനടത്തിയത്.

നാലുലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാവുന്ന ടാങ്കും നിർമിച്ചിരുന്നു. വെള്ളംകയറിയതോടെ ടാങ്കിനായി ഉപയോഗിച്ചിട്ടുള്ള ടാർപ്പാളിൻ ഷീറ്റടക്കമുള്ളവയും ഉപയോഗ്യശൂന്യമായിരിക്കുകയാണ്. മത്സ്യക്കൃഷി തുടങ്ങി ഒരുവർഷം പൂർത്തിയാകുന്നതിനുമുൻപ് എല്ലാം നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് രവിന്ദ്രൻ.