ശ്രീകണ്ഠപുരം: വെള്ളം കയറി നഷ്ടമുണ്ടായ വ്യാപാരികൾക്ക് ഉദ്യോഗസ്ഥർ നൽകുന്ന കണക്കുകൾക്കനുസരിച്ച് സർക്കാർ സഹായം നൽകുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ശ്രീകണ്ഠപുരം നഗരസഭയിൽ പ്രളയക്കെടുതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരികളിൽനിന്നും പ്രളയബാധിത മേഖലയിലെ കൗൺസിലർമാരിൽനിന്നും മന്ത്രി വിവരങ്ങൾ ശേഖരിച്ചു.

2012-ൽ ശ്രീകണ്ഠപുരം, ഇരിട്ടി മേഖലയിലെ വ്യാപാരസമൂഹത്തിനുണ്ടായ നഷ്ടം നികത്താൻ സ്വീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളെടുക്കണമെന്ന് കെ.സി.ജോസഫ് എം.എൽ.എ. യോഗത്തിൽ ആവശ്യപ്പെട്ടു. പ്രളയക്കെടുതിയിൽ നാശനഷ്ടങ്ങളുണ്ടായവർക്ക് ഇപ്പോൾ പ്രഖ്യാപിച്ച 10,000 രൂപ അപര്യാപ്തമാണ്. വിലകൂടിയ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ ലക്ഷങ്ങളുടെ സാധനസാമഗ്രികളാണ് നശിച്ചത്. തുക 50,000 രൂപയായെങ്കിലും വർധിപ്പിക്കണമെന്ന്‌ എം.എൽ.എ. ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, നഗരസഭാധ്യക്ഷൻ പി.പി.രാഘവൻ, ഉപാധ്യക്ഷ നിഷിതാ റഹ്‌മാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് സി.സി.മാമു ഹാജി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എം.ഒ.മാധവൻ, സി.പി.എം. ഏരിയാ സെക്രട്ടറി എം.വേലായുധൻ, എ.പി.മുനീർ, വി.വി.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ദുരിതം നേരിട്ട ശ്രീകണ്ഠപുരം, ചെങ്ങളായി, മടമ്പം, മലപ്പട്ടം മേഖലകൾ മന്ത്രി സന്ദർശിച്ചു.