ശ്രീകണ്ഠപുരം: ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ശ്രീകണ്ഠപുരം മേഖലയിലെ തൂക്കുപാലങ്ങൾ അപകടത്തിൽ. മലപ്പട്ടം അഡൂരിനെ ചെങ്ങളായിയേയും മടമ്പം അലക്സ് നഗറിനെ കാഞ്ഞിലേരിയേയും ബന്ധിപ്പിക്കുന്ന തൂക്കുപാലങ്ങളാണ് അപകടത്തിലായത്. ഇതോടെ ഇതുവഴിയുള്ള യാത്രക്കാർ ദുരിതത്തിലായി. സ്കൂൾ കുട്ടികളും നാട്ടുകാരുമടക്കം നിരവധിപേർ ആശ്രയിക്കുന്ന ഇരു പാലങ്ങളും തകർച്ചയുടെവക്കിലാണ്. അഡൂർ തൂക്കുപാലത്തിനെ ബന്ധിപ്പിച്ച തൂണുകളുടെ അടിഭാഗത്തെ മൺതിട്ട അടർന്നുപോയതിനാൽ ഏതുനിമിഷവും തകർന്നുവീഴുമെന്ന സ്ഥിതിയിലാണ്.

അലക്സ് നഗർ തൂക്കുപാലത്തിന്റെ നടപ്പാതയുടെ മുകളിലുള്ള മരക്കഷണങ്ങളും നടുവശത്തായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പികളും തകർന്നിട്ടുണ്ട്. ചെറിയ ചെരിവും പാലത്തിനുള്ളതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. രണ്ട് സ്ഥലങ്ങളിലെയും ജനങ്ങളുടെ ഏക ആശ്രയമായ തൂക്കുപാലകൾ ഉടൻ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.