പെരിങ്ങത്തൂർ: ക്യാപ്റ്റൻ സിനിമയിൽ ജയസൂര്യയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതറിയുമ്പോൾ ‘ക്യാപ്റ്റന്റെ’ ഭാര്യ അനിത സത്യൻ കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ പതിവ് തിരക്കിലായിരുന്നു. വളരെ സന്തോഷം പകർന്ന വാർത്തയായിരുന്നു അത്.

ജയസൂര്യയും ഭാര്യയുമൊക്കെ വിളിച്ച്‌ സന്തോഷമറിയിച്ചു. സിനിമയായതോടെ ജനമനസ്സിൽ എന്നന്നേക്കുമായി സത്യൻ എന്ന പ്രതിഭ സാന്നിധ്യവുമായി മാറിയല്ലോ.

ഫുട്ബോളിനപ്പുറത്തുള്ള വി.പി.സത്യന്റെ കഥപറഞ്ഞ ക്യാപ്റ്റൻ സിനിമ പൂർത്തിയായപ്പോൾത്തന്നെ ജയസൂര്യ എന്ന അഭിനേതാവിന്റെ സമർപ്പണം അതിശയിപ്പിച്ചുവെന്ന് അനിത പറഞ്ഞു.

പിന്നീട് സിനിമ കണ്ടപ്പോൾ അവാർഡ് ലഭിക്കുമെന്ന ഒരു തോന്നലുണ്ടായിരുന്നു. സത്യേട്ടനാകാൻ ജയസൂര്യയ്ക്ക് പറ്റുമോ എന്ന്‌ ഒരുഘട്ടത്തിൽ സംശയിച്ചിരുന്നു. രണ്ടുപേരും വളരെ വ്യത്യസ്തരായിരുന്നു എന്നതുതന്നെ. ജയസൂര്യയുമായി സംസാരിക്കുകയും സിനിമ തുടങ്ങുകയും ചെയ്തതോടെ എല്ലാം മാറി. ജയസൂര്യയെപ്പോലെ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നയാൾക്കേ സത്യേട്ടനാകാൻ സാധിക്കൂ. കാരണം കഥാപാത്രമായിമാറാൻ ജയസൂര്യ എന്തും ചെയ്യുന്നയാളാണ്. അനു സിതാരയെന്ന നടിയുടെ അസാമാന്യമായ അഭിനയംകൂടിയായപ്പോൾ ‘ക്യാപ്റ്റൻ’ ഏറെ ഉയരത്തിലായിരുന്നു. അവാർഡ് സന്തോഷം പങ്കിടാൻ ഫോണിലൂടെ ഒത്തിരി ആളുകൾ വിളിക്കുന്നുണ്ടെന്നും അനിത പറഞ്ഞു.