കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ ഊർജതന്ത്രത്തിൽ ഗവേഷണം തുടങ്ങിയത് 2015-ൽ ഒരേ റിസർച്ച് സൂപ്പർവൈസർക്ക്‌ കീഴിൽ. ഗവേഷണവഴിയിൽ പ്രണയത്തിന്റെ ‘രസതന്ത്രം’ വിജയിച്ചതോടെ 2019-ൽ വിവാഹം. ഗവേഷണം സമർപ്പിച്ചത് 2020 ഓഗസ്റ്റിൽ ഒരുമിച്ച്. ഒടുവിൽ ഡോക്ടറേറ്റ് നേടിയത് ഈ വർഷം മാസങ്ങളുടെ ഇടവേളയിൽ. പയ്യന്നൂർ രാമന്തളിയിലെ ശരത് രവിയും ഭാര്യ രാഖി ശ്രീധരനുമാണ് ‘ഡോക്ടർ’ ബഹുമതി നേടുന്ന ഈ അപൂർവ ദമ്പതിമാർ.

പയ്യന്നൂർ രാമന്തളിയിലെ ഡോ. രാമന്തളി രവിയുടെയും ശാരദ രവിയുടെയും മകനാണ് ശരത്. കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജ് അധ്യാപകനാണ്. രാഖി മട്ടന്നൂർ ഉരുവച്ചാലിലെ കെ.കെ. ശ്രീധരന്റെയും എ.വി. റാണിയുടെയും മകളാണ്. ലേസർരശ്മികൾ വസ്തുക്കളിൽകൂടി കടന്നുപോകുമ്പോൾ വസ്തുക്കൾക്കും രശ്മികൾക്കും സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിഷയത്തിലാണ് ഇരുവരും പഠനം നടത്തിയത്.

കണ്ണിനെ ലേസർരശ്മികളിൽനിന്ന്‌ പ്രതിരോധിക്കുന്ന ഓർഗാനിക്‌ വസ്തുക്കളെപ്പറ്റിയുള്ള പഠനത്തിൽ രാഖി ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ ഒപ്റ്റിക്കൽ ഡേറ്റകൾ കടത്തിവിടുമ്പോഴുണ്ടാകുന്ന പ്രസരണനഷ്ടത്തെ ലഘൂകരിക്കുന്നതിനുള്ള പഠനമാണ് ശരത് നടത്തിയത്.

ഡോ. കെ. നസീമയായിരുന്നു റിസർച്ച് ഗൈഡ്. നാഷണൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനായി (എൻ.പി.ഡി.എഫ്.) അപേക്ഷിച്ച് ഫലം കാത്തിരിക്കുകയാണ് ഇരുവരും. ഗവേഷകസംഘടനയായ എ.കെ.ആർ.എസ്.എ.യുടെ (ഓൾ കേരള റിസർച്ച് സ്കോളേഴ്സ് അസോസിയേഷൻ) കണ്ണൂർ സർവകലാശാലാ വിങ് മുൻ സെക്രട്ടറിയാണ് ശരത്.