sand miningപെരിങ്ങത്തൂർ: മയ്യഴിപ്പുഴയിൽനിന്ന്‌ മണലെടുക്കുന്നതിന് മൂന്നുവർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. മണൽ ഓഡിറ്റിലെ പരാമർശങ്ങൾ പരിശോധിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.

പുഴയിലെ ഖനനംചെയ്യാവുന്ന മണൽലഭ്യതയുടെ പട്ടികയും ഓഡിറ്റിന്റെ ഭാഗമായുണ്ട്. മുഡിക്കൽ പാലംമുതൽ പെരിങ്ങത്തൂർ പാലംവരെയുള്ള 29 കിലോമീറ്റർ പ്രദേശത്തെ 289 സ്ഥലങ്ങളിൽനിന്ന് ക്രോസ് സെക്‌ഷനുകൾ എടുത്താണ് ലഭ്യത പരിശോധിച്ചത്. കോഴിക്കോട് ജില്ലയിലെ വാണിമേൽ, വളയം, ചെക്യാട്, നരിപ്പറ്റ, നാദാപുരം, തുണേരി, എടച്ചേരി എന്നീ പഞ്ചായത്ത് പ്രദേശങ്ങളും കണ്ണൂർ ജില്ലയിലെ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത്, പാനൂർ നഗരസഭാ പ്രദേശങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. ചെക്യാട് പഞ്ചായത്ത് ഒഴികെയുള്ള പ്രദേശങ്ങളിൽ ഖനനംചെയ്യാവുന്ന മണൽ ഇല്ലെന്നാണ് കണ്ടെത്തൽ. ഈ പഞ്ചായത്തിൽ 288.45 ഘനമീറ്റർ മണൽ ഉണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. ഇവിടെ നിബന്ധനകൾക്ക് വിധേയമായി മണൽനീക്കത്തിന് അനുമതിയുണ്ടാവും. നദീതീരങ്ങളുടെയും ജൈവ-ഭൗതിക പരിസ്ഥിതി സംവിധാനങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താനാണ് നടപടി.

അനധികൃത മണൽവാരൽ നിയന്ത്രിക്കാൻ കോഴിക്കോട്, കണ്ണൂർ ജില്ലാ കളക്ടർമാർക്ക് നിർദേശംനൽകി.

Content Highlights; sand mining banned for three years in mayyazhi river